പണം നഷ്ടപ്പെട്ട സഹോദരനെ പൊലീസ് സഹായിച്ചില്ല; പത്താം ക്ലാസുകാരന്‍ 'ഡിജിപി' ആയി

By Web DeskFirst Published Apr 23, 2018, 1:16 PM IST
Highlights
  • യഥാര്‍ത്ഥ ഡിജിപിയെ കണ്ട് പൊലീസ് ഞെട്ടി
  • ഡിജിപിയുടെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കി വിദ്യാര്‍ത്ഥി

ലക്നൗ: സഹോദരന്‍റെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ പൊലീസ് സഹായിച്ചില്ല, ഒടുവില്‍ പത്താം ക്ലാസുകാരന്‍ അതേ പൊലീസിനെക്കൊണ്ട് തന്നെ തട്ടിപ്പുകാരനില്‍ നിന്നും പണം തിരിച്ചെടുപ്പിച്ചു. ഉത്തര്‍ പ്രദേശിലാണ് പൊലീസിനെ ഞെട്ടിച്ച് പത്താം ക്ലാസുകാരനായ വിദ്യാര്‍ത്ഥി സാഹസത്തിന് മുതിര്‍ന്നത്. ഉത്തര്‍പ്രദേശ് ഡിജിപിയുടെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കി ട്വിറ്ററീലൂടെ പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഡിജിപി ഒം പ്രാകാശ് സിംഗിന്‍റെ വ്യാജ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയാണ് വിദ്യാര്‍ത്ഥി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. തട്ടിപ്പ് പുറത്തായതോടെ പൊലീസ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്‍റെ സഹദരനില്‍ നിന്നും 45000 രൂപ തട്ടിയെടുത്തവര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് കുട്ടിയെ ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. 

സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതോടെ ഡിജിപിയുടെ പേരും ചിത്രവും ഉപയോഗിച്ച് ട്വിറ്റര്‍ ഉണ്ടാക്കി അതിലൂടെ കേസ് അന്വേഷിക്കണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഖൊരക് പൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച നിര്‍ദ്ദേശത്തെതുടര്‍ന്ന് പൊലീസ് കേസില്‍ ഇടപെട്ടു. വഞ്ചനാകുറ്റത്തിന് കേസെടുത്ത് തട്ടിപ്പുകാരില്‍ നിന്നും നഷ്ടപ്പെട്ട പണത്തിന്‍റെ 90 ശതമാനവും തിരികെ വാങ്ങിക്കൊടുക്കുകയും ചെയ്തു. കേസിന്‍റെ വിവരങ്ങള്‍ ഡിജിപിയെ അറിയിച്ചപ്പോഴാണ് വ്യാജ അക്കൗണ്ട് ആണെന്ന് തിരിച്ചറിയുന്നത്. ഒടുവില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ അക്കൗണ്ടിന്‍റെ ഉടമയെ പൊലീസ് കണ്ടെത്തുകയായിരുന്നു.

തന്‍റെ സുഹൃത്താണ് ഇത്തരമൊരു ആശയം പറഞ്ഞ് തന്നതെന്നാണ് വിദ്യാര്‍ത്ഥി നല്‍കിയ മൊഴി. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ പ്രതികള്‍ കുട്ടികളായതിനാല്‍ ഭാവിക്ക് ദോഷമുണ്ടാക്കാതിരിക്കാന്‍ പൊലീസിനോട് കേസെടുക്കേണ്ടെന്ന് ഡിജിപി ഓം പ്രകാശ് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കുറ്റത്തിന്‍റെ ഗൗരവം കുട്ടികളെ പറഞ്ഞ് മനസിലാക്കി ശക്തമായ താക്കീത് നല്‍കി വിട്ടയച്ചു. 

click me!