Latest Videos

വിനോദ സഞ്ചാര മേഖലയിലേക്കുള്ള പിഡബ്യുഡി റോഡ് അടച്ചു; സ്വകാര്യ വഴിയില്‍ പണമീടാക്കി ലാഭം കൊയ്ത് കമ്പനികള്‍

By web deskFirst Published Jun 20, 2018, 3:18 PM IST
Highlights
  • സൂര്യനെല്ലിയില്‍ നിന്നും കൊളുക്കുമലയിലെത്തുവാന്‍ പത്തുകിലോമീറ്റര്‍ ദൂരം ദുര്‍ഘടമായ പാത പിന്നിടേണ്ടതുണ്ട്.

ഇടുക്കി :  പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാന്‍ വരുന്ന വിനോദ സഞ്ചാരികളെ ചൂഷണം ചെയ്ത് സ്വകാര്യ കമ്പനികള്‍. പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും മനോഹരമായ കാഴ്ചയൊരുക്കുന്ന കൊളുക്കുമല സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളില്‍ നിന്നുമാണ് കമ്പനികള്‍ പണം പിഴിയുന്നത്.  

കേരള തമിഴ്നാട് അതിര്‍ത്തിയിലെ കൊളുക്കുമലയുടെ അനുപമമായ സൗന്ദര്യം കാണാന്‍ കേരളത്തില്‍ നിന്നുമെത്തുന്ന സഞ്ചാരികള്‍ക്കാണ് ഈ ഗതികേട്. കൊളുക്കുമലയില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങള്‍ ഏറ്റവും നന്നായി ആസ്വദിക്കാനാവുന്ന കേരളത്തിലെ പിഡബ്യുഡിയുടെ റോഡുകള്‍ തടഞ്ഞാണ് സഞ്ചാരികളോടുള്ള കമ്പനിയുടെ പരാക്രമം. കന്നുകാലികളുടെ വിസര്‍ജ്യങ്ങള്‍ മലമുകളില്‍ എത്തിച്ച് വഴികളില്‍ ഉപേക്ഷിച്ചും മരങ്ങള്‍ റോഡിന് കുറുകെ വെട്ടിയിട്ടും കുപ്പിച്ചില്ലുകള്‍ പൊട്ടിച്ചിട്ടുമാണ് കമ്പനിയുടെ തൊഴിലാളികള്‍ പിഡബ്യുഡി റോഡുകള്‍ തടയുന്നത്. കമ്പനി അടച്ച വഴിയില്‍ നിന്നും നോക്കിയാല്‍ മീശപ്പുലിമല, കൊരങ്ങണി തുടങ്ങി തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ വരെയുള്ള മനോഹരമായ ദൃശ്യങ്ങള്‍ കാണാനാവും. 

പിഡബ്യുഡി റോഡ് ബ്ലോക്കായാല്‍ പിന്നെയുള്ളത് സ്വകാര്യ കമ്പനികളുടെ വഴികളാണ്. ഈ വഴിയുടെ തുടക്കമായ സൂര്യനെല്ലിയില്‍ നിന്നും ടിക്കറ്റ് എടുത്ത് മലമുകളില്‍ എത്തിയാല്‍ സഞ്ചാരികള്‍ക്ക്  വിനോദ സഞ്ചാര മേഖലയായ കൊളുക്കുമലയില്‍ എത്തിയാല്‍ വീണ്ടും ഒരാള്‍ക്ക് നൂറു രൂപ വീതം നല്‍കേണ്ടി വരുന്നു. ജീപ്പ് മാത്രമേ ഇതുവഴി സഞ്ചരിക്കൂ. ഈ വഴിയില്‍  ജീപ്പിനും 8 പേരടങ്ങുന്ന സംഘത്തിനും പണം നല്‍കണം. എന്നാല്‍  ടിക്കറ്റ് എടുക്കുമ്പോള്‍ ഇത്തരത്തിലൊരു അറിയിപ്പ് നല്‍കാത്തതിനാല്‍ സഞ്ചാരികളുമായുള്ള വാക്കുതര്‍ക്കത്തിനും ഇതിടയാക്കുന്നു. 

സൂര്യനെല്ലിയില്‍ നിന്നും കൊളുക്കുമലയിലെത്തുവാന്‍ പത്തുകിലോമീറ്റര്‍ ദൂരം ദുര്‍ഘടമായ പാത പിന്നിടേണ്ടതുണ്ട്. കൊളുക്കുമുലയിലേക്ക് സഞ്ചാരികളെത്തി തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടുകള്‍ ആയിട്ടും അപകടകരമായ റോഡിലൂടെ തന്നെയാണ് ഇപ്പോഴും യാത്ര. എന്നാല്‍ സ്വകാര്യ വഴിയില്‍ ഒരു സ്ഥലത്തും കൈവരികളോ കലുങ്കുകളോ ഇല്ലാത്തത് വാഹനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. 

ഇക്കാര്യം കമ്പനിയോട് ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് ഇവിടെ വാഹനങ്ങള്‍ ഓടിക്കുന്ന ജീപ്പ് ഡ്രൈവര്‍മാരും ടൂറിസ്റ്റ് ഗൈഡുകളും പറയുന്നു. വലിയ തുക അടച്ച് പ്രവേശന അനുമതി തേടിയ ശേഷം കൊളുക്കുമലയില്‍ സഞ്ചാരികളില്‍ നിന്നും വീണ്ടും പണം പിരിയ്ക്കുന്നത് അന്യായമാണെന്നും ഇവര്‍ പറയുന്നു.
 

click me!