മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു: മുല്ലപ്പള്ളി

By Web TeamFirst Published Oct 23, 2018, 11:26 AM IST
Highlights

ശബരിമലയെ കലാപഭൂമിയാക്കാൻ ഇടത് സർക്കാർ ശ്രമിക്കുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ത്രീപ്രവേശനം വിലക്കിയിട്ടുള്ള സ്ഥലമല്ല ശബരിമല. വിശ്വാസവും അനാചാരവും രണ്ടും രണ്ടാണ്. സുന്നിപ്പള്ളികളിൽ സ്ത്രീകൾ കയറണോ വേണ്ടയോ എന്ന് കെ.ടി.ജലീലും കോടിയേരിയും തീരുമാനിയ്ക്കേണ്ടെന്നും മുല്ലപ്പള്ളി.

വടകര: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ഇടത് സർക്കാർ ചോദിച്ചു വാങ്ങിയതാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടത് സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ് സംസ്ഥാനത്ത് വർഗീയവികാരം ഇളക്കിവിടുന്നതെന്നും ശബരിമലയിൽ അവർണരും സവർണരും എന്ന വിവേചനമില്ലെന്നും മുല്ലപ്പള്ളി  വടകരയിൽ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ നടത്തുന്ന മുഖ്യമന്ത്രിയ്ക്കെതിരെ കോൺഗ്രസ് കോടതിയെ സമീപിയ്ക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 'അക്രമരഹിത വടകര' എന്ന പേരിൽ കോൺഗ്രസ് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. 

സ്ത്രീകൾ ചൊവ്വയിലേക്ക് പോകുന്ന കാലത്ത് ചിലയിടത്ത് സ്ത്രീകളെ വിലക്കാനാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ ചൊവ്വയിലേയ്ക്ക് പോകേണ്ടി വരുമെന്ന് മുല്ലപ്പള്ളി പരിഹസിച്ചു. സ്ത്രീപ്രവേശനം വിലക്കിയിട്ടുള്ള സ്ഥലമല്ല ശബരിമല. ഒരു പ്രത്യേകപ്രായപരിധിയിലുള്ള സ്ത്രീകൾക്ക് മാത്രമാണ് അവിടെ പ്രവേശനത്തിന് വിലക്കുള്ളത്. വിശ്വാസവും അനാചാരവും രണ്ടും രണ്ടാണ്. ശബരിമലയിലേത് വിശ്വാസം മാത്രമാണ്. അതുപോലെത്തന്നെ സുന്നിപ്പള്ളികളിൽ സ്ത്രീകൾ കയറണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കേണ്ടത് കെ.ടി.ജലീലും കോടിയേരിയുമല്ലെന്നും വിശ്വാസികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

click me!