പിറവം പള്ളിക്കേസ്; ഹൈക്കോടതിയുടെ ചോദ്യം വിമര്‍ശനമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Nov 29, 2018, 5:22 PM IST
Highlights

ശബരിമലയില്‍ വന്‍പൊലീസ് സന്നാഹമൊരുക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, എന്തുകൊണ്ടാണ് പിറവം പള്ളിക്കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. 
 

തിരുവനന്തപുരം:  പിറവം പള്ളിക്കേസില്‍ ഹൈക്കോടതി ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി. അത് വിമര്‍ശനമോ കോടതി നിലപാടോ ആയി കാണേണ്ടതില്ല. കേസില്‍ കോടതിയക്ഷ്യ അപേക്ഷ സുപ്രീംകോടതിതന്നെ തള്ളിയിട്ടുള്ളതാണെന്നും പിണറായി. കേസിലെ സമവായ ചര്‍ച്ചകള്‍ സുപ്രീംകോടതി തന്നെ അംഗീകരിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി

ശബരിമലയില്‍ വന്‍പൊലീസ് സന്നാഹമൊരുക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, എന്തുകൊണ്ടാണ് പിറവം പള്ളിക്കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സർക്കാര്‍ ശബരിമലയിലെ നടത്തുന്ന ഇടപെടൽ പരോക്ഷമായി സൂചിപ്പിച്ചാണ് കോടതിയുടെ വിമർശനം. എന്നാല്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണെന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചത്. ഇത് സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുള്ള കഴിവുകേടാണ് വ്യക്തമാക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. 

പിറവം സെയ്ന്‍റ് മേരീസ് പള്ളിക്കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പള്ളി വികാരിയുൾപ്പെടെ നൽകിയ ഹർജികൾ ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. മലങ്കര സഭയിലെ പുരാതന പള്ളികളിലൊന്നാണ് പിറവം സെയ്ന്‍റ് മേരീസ് പള്ളി. സഭാസ്വത്തുക്കൾ സംബന്ധിച്ച് യാക്കോബായ-ഓർത്തഡോക്സ് തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. 

2018 ഏപ്രിൽ 18-ന് പിറവം പള്ളി അവകാശം സംബന്ധിച്ച് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, സര്‍ക്കാര്‍ ഇതുവരെയായും വിധി നടപ്പാക്കിയില്ല. കോടതിവിധിയെത്തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും പലവട്ടം ശ്രമം നടത്തിയെങ്കിലും യാക്കോബായ വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിധി നടപ്പാക്കാന്‍ വൈകിയത്.


 

click me!