
തിരുവനന്തപുരം: മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ. മംഗളം ചാനലിന്റെ മേധാവി അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തതായി പി.എസ്.ആന്റണി ഏകാംഗ കമ്മീഷന്‍ സമര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ശശീന്ദ്രന്‍ മന്ത്രിയായി തിരിച്ചെത്തിന്നതില്‍ തനിക്ക് വിരോധമില്ലെന്നും എന്നാല്‍ താന്‍ മാത്രമല്ല അത് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വേളയില്‍ മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും അത് പോലീസിന്റെ തീരുമാനമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയും നിര്‍ബന്ധിച്ച് പ്രതികരണങ്ങള്‍ എടുക്കേണ്ടതിന്റെ ആവശ്യമില്ലെന്നും. മാധ്യമങ്ങള്‍ അച്ചടക്കം പാലിക്കണമെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങളെ ആരും നിയന്ത്രിക്കേണ്ടതല്ലെന്നും നിങ്ങള്‍ സ്വയം നിയന്ത്രിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.
മംഗളം സംപ്രേഷണം ചെയ്ത മന്ത്രിയുടെതാണെന്ന് പറയപ്പെടുന്ന ശബ്ദശകലത്തിന്റെ നിജസ്ഥിതി തെളിയിക്കപ്പെട്ടിട്ടില്ല. ചാനലിന്റെ തുടക്ക ദിവസത്തില്‍ തന്നെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നല്‍കി റേറ്റിങ്ങ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കുറ്റകരമായ ക്രിമിനല്‍ ഗൂഢാചോലന നടത്തിയതിന് തെളിവാണെന്നാണ് ആ ശബ്ദശകലം എന്നതാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഒരു മന്ത്രിയുടെ രാജിയിലേക്ക് നയിച്ച വാര്‍ത്ത എഡിറ്റ് ചെയ്തും കൃത്രിമം നടത്തിയുമാണ് സൃഷ്ടിച്ചത്. ഇത് ക്രിമിനല്‍ ഗൂഢാചോലനയുടെ ഉല്‍പ്പന്നമാണ്. ഇതിനെതിരെ നടപടി വേണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
പി.എസ്.ആന്റണി ഏകാംഗ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെയാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്. രണ്ട് വാല്യങ്ങളിലായി 405 പേജുകളുള്ളതാണ് റിപ്പോര്‍ട്ട്. കമ്മീഷന്റെ ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും മന്ത്രിസഭ പൊതുവില്‍ അംഗീകരിച്ചു.
റിപ്പോര്‍ട്ടില്‍ പ്രധാനമായും പതിനാല് ശുപാര്‍ശകളാണുള്ളത്. ഇവ പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ക്ക് മന്ത്രിസഭ തീരുമാനമെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്മീഷന്‍ ശുപാര്‍ശ.
1. റിപ്പോര്‍ട്ടിന്റെ കോപ്പി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് കാസ്റ്റിങ്ങ് മന്ത്രാലയ സെക്രട്ടറിക്ക് അയച്ചു കൊടുത്ത് മംഗളം ടെലിവിഷന്‍ ചാനലിനെതിരെയുള്ള പരാതി പുനപരിഗണിച്ച് ചാനല്‍ നടത്തുന്നതിനാവശ്യമായ ബ്രോഡ്കാസ്റ്റിങ്ങ് ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശുപര്‍ശ ചെയ്യണം.
2.റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യമായ നടപടികള്‍ക്കായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അയച്ചു കൊടുക്കണം.
3. മംഗളം ടെലിവിഷന്‍ ചാനലിന് സ്വയം നിയന്ത്രണം ഇല്ലാതിരുന്നതും എന്‍ബിഎ അംഗത്വം ഇല്ലാതിരുന്നതും ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ്കാസ്റ്റിങ്ങ് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം.
4. കോടതി മുമ്പാകെ രജിസ്റ്റര്‍ ചെയ്ത രണ്ട് ക്രിമിനല്‍ കേസുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുകയും വോയ്‌സ് ക്ലിപ്പിങ്ങ് ടെലികാസ്റ്റ് ചെയ്തതിന് ടെലിവിഷന്‍ ചാനലിനെയും ചാനല്‍ ഉടമയായ കമ്പനിയെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളെയും ഐടി ആക്ടിലെ സെക്ഷന്‍ 67, 67 എ, 84 ബി, 85, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 120 ബി, 201, 294, 463, 464, 469, 470, 471, എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ നടപടികള്‍ക്ക് പ്രോസിക്യൂട്ട് ചെയ്യുകയും വേണം.
5. ആര്‍.അജിത്ത് കുമാറിനെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 122 പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കണം.
6. വോയിസ് ക്ലിപ്പിങ്ങ് സംപ്രേക്ഷണം ചെയ്തതിന് പിന്നിലെ രാഷ്ട്രീയ മാനങ്ങളോടെയുള്ള ക്രിമിനല്‍ ഗൂഢാചോലനയെ കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാന്‍ പോലീസ് ചീഫിനോട് നിര്‍ദ്ദേശിക്കണം.
7. സൈബര്‍ ക്രൈം കേസുകളുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യന്‍ പദവിയിലുള്ള ഒരു പ്രത്യേക കോടതി എറണാകുളത്ത് സ്ഥാപിക്കണം. സൈബര്‍ ക്രൈമുകള്‍ വര്‍ദ്ധിച്ച് വരുന്ന പ്രവണത കണക്കിലെടുത്ത് ഇത് പ്രത്യേക കോടതിയാക്കണം.
8. ജില്ലാ തലത്തിലെങ്കിലും പോലീസില്‍ ഒരു സൈബര്‍ ക്രൈം ഡിവിഷന്‍ രൂപീകരിച്ച് പ്രത്യേക യോഗ്യതയും പരിശീലനം ലഭിച്ച പോലീസുകാരെ നിയോഗിച്ച് സൈബര്‍ ക്രൈം അന്വേഷണം നടത്താനും സൈബര്‍ ക്രൈം കുറയ്ക്കാനും നടപടിയെടുക്കണം.
9. നിലവില്‍ വിപുലവും കാര്യക്ഷമവുമായി ഇലക്ട്രോണിക്ക് ബ്രോഡ്കാസ്റ്റിങ്ങ് മീഡിയയെ നിയന്ത്രിക്കാന്‍ നിയമമില്ലാത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് 1885, ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രാഫ് ആക്റ്റ് 1933, ദി കേബില്‍ ടെലിവിഷന്‍ നൈറ്റ് വര്‍ക്ക് റഗുലേറ്ററി ആക്ട് 1995, ദി ടെലിക്കോം റഗുലേറ്ററി ആക്ട് 1997, എന്നിവ പിന്‍വലിച്ച് ബ്രിട്ടനില്‍ നിലവിലുള്ള കമ്മ്യൂണിക്കേഷന്‍ ആക്ട് 2003 മാതൃകയാക്കി നിയമമുണ്ടാക്കാന്‍ ശുപാര്‍ശ ചെയ്യണം. പ്രസ്തുത നിയമ പ്രകാരം ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷന്‍ ബ്രോഡ്കാറ്റ് മീഡിയയുടെ റഗുലേറ്ററി ബോര്‍ഡാണ്. വിപുലമായ നിയമത്തിന് പകരമായി തല്‍ക്കാലത്തേക്ക് കേന്ദ്ര സര്‍ക്കാറിനോട് പ്രസ് കൗണ്‍സിലിനെ മീഡിയാ കൗണ്‍സിലായി രൂപാന്തരപ്പെടുത്തി പ്രൈവറ്റ് ഇലക്ട്രോണിക്ക് മീഡിയയെ നിയന്ത്രിക്കുന്നതിനുള്ള അധികാരം നല്‍കി, പ്രസ്‌കൗണ്‍സില്‍ ആക്്റ്റ് 1978 ന് യോജിച്ച രീതിയില്‍ ഭേതഗതി വരുത്താന്‍ നിര്‍ദ്ദേശിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇക്കാര്യം ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനായിരുന്നപ്പോള്‍ നിര്‍ദ്ദേശിച്ചതാണ്.
11. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയത്തിന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അയച്ചു കൊടുക്കുമ്പോള്‍ കമ്മീഷന്‍, അദ്ധ്യായം പത്തൊമ്പതില്‍ മാധ്യമങ്ങളെക്കുറിച്ചും മാധ്യമ സദാചരത്തെ കുറിച്ച് നടത്തിയ നിരീക്ഷണങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പ്പെടുത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.
12. മാധ്യമങ്ങളുമായി പത്രപ്രവര്‍ത്തകരുമായും സംസ്ഥാന മന്ത്രിമാര്‍ ഇടപെടുന്ന കാര്യത്തില്‍ പൊതുവായി ഒരു പെരുമാറ്റചട്ടം രൂപീകരിക്കേണ്ടതാണെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.
13. യൂണിയന്‍ ലിസ്റ്റില്‍ 31 മത്തെ ഇനമായി ബ്രോഡ്കാസ്റ്റങ്ങ് ആന്റ് അദര്‍ ലൈവ് ഫോംസ് ഓഫ് ക്മ്മ്യൂണിക്കേഷന്‍ എന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കേരള നിയമസഭ ഒരു പ്രമേയത്തിലൂടെ സ്വകാര്യ ഇലക്ട്രോണിക്ക് ബ്രോഡ്കാസ്റ്റിങ്ങ് മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ശുപാര്‍ശ ഒമ്പത് അനുസരിച്ച് നിയമമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കേണ്ടതാണ്.
14. സംസ്ഥാന നിയമസഭ 1860 ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വകുപ്പ് 294 ഭേദഗതി ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam