മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ്; പീസ് സ്കൂള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു

Published : Jan 04, 2018, 10:52 AM ISTUpdated : Oct 04, 2018, 11:43 PM IST
മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ്; പീസ് സ്കൂള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു

Synopsis

തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്‍റര്‍നാഷണല്‍ സ്‌ക്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്‍റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.

ഇസ്‌ലാമിക പ്രഭാഷകനായ എം.എം അക്ബറുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ് ഫൗണ്ടേഷന് കീഴില്‍ പീസ് ഇന്‍റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌ക്കൂളുകള്‍  കേരളത്തിലുണ്ട്. സര്‍ക്കാര്‍ നടപടി പീസ് ഫൗണ്ടേഷന്‍റെ മറ്റു സ്‌കൂളുകള്‍ക്കും ബാധകമാകുമോ എന്ന കാര്യത്തില്‍ അടുത്തദിവസം പുറത്തിറങ്ങുന്ന ഉത്തരവില്‍ മാത്രമേ വ്യക്തമാവൂ.

എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്കൂള്‍ പൂട്ടി വിദ്യാര്‍ഥികളെ സമീപത്തെ മറ്റു സ്‌കൂളുകളില്‍ ചേര്‍ക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത് എന്നാണ് പരാതി.

സ്‌കൂളില്‍ നിന്ന് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഉള്ള പാഠഭാഗങ്ങള്‍ 2016 ഒക്ടോബറിലാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് വിവാദത്തിലായിരുന്നത്. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. 

വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്നായിരുന്നു പൊലീസിന്‍റെ പ്രഥമ വിവര റിപ്പോര്‍ട്ട്. എന്‍.സി.ഇ.ആര്‍.ടി.യോ, സി.ബി.എസ്.ഇ.യോ, എസ്.സി.ഇ.ആര്‍.ടി.യോ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നത്.  ചെറുപ്പത്തിലേ കുട്ടികളില്‍ മതവിദ്വേഷം കുത്തിവയ്ക്കുന്ന പാഠഭാഗങ്ങളും ചോദ്യോത്തരങ്ങളുമാണ് രണ്ടാം ക്ലാസിലെയും മറ്റും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നെതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

തുടര്‍ന്ന് സി.ബി.എസ്.ഇ. അംഗീകാരത്തിനായുള്ള എന്‍.ഒ.സി. നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു മതത്തിന് മാത്രം പ്രാധാന്യം നല്‍കിയുള്ള സിലബസും അധ്യായനവും കുട്ടികളുടെ വിദ്യഭ്യാസ അവകാശ നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നാണ് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്
ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി