സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ സ്പാർക്കിൽ നിന്ന് ചോർത്തി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതിയില്ലാതെ സന്ദേശങ്ങൾ അയച്ചത് സ്വകാര്യതാ ലംഘനമാണെന്ന് ഹർജിക്കാർ വാദിക്കുന്നു.

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിൽ ഡാറ്റാ ചോർച്ചയും സ്വകാര്യതാ ലംഘനവും ആരോപിച്ച് നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെക്രട്ടറിയേറ്റ് ജീവനക്കാരനായ അനിൽ കുമാർ അടക്കമുള്ളവരാണ് ഹ‍ജിക്കാർ. സ്പാർക്കിൽ ഔദ്യോഗിക ആവശ്യത്തിന് മാത്രമായി നൽകിയ ഫോണ്‍ നമ്പര്‍ ശേഖരിച്ചത് വ്യക്തികളുടെ അനുമതിയില്ലാതെയെന്നാണ് വാദം. സ്പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരങ്ങള്‍ കൈമാറിയത് സ്വകാര്യതാ ലംഘനമാണെന്നും, ഒരു രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പ് നേട്ടത്തിനായി വിവരങ്ങള്‍ ഉപയോഗിച്ചുവെന്നും ഹർജിയിൽ വാദിക്കുന്നു. നടപടി തടയണമെന്നും, സ്വകാര്യ വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും മുഖ്യമന്ത്രിയെ പിണറായി വിജയനെയടക്കം എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.

സർക്കാർ ജീവനക്കാർ ഔദ്യോഗിക ആവശ്യത്തിന് നൽകിയ വ്യക്തി വിവരങ്ങൾ മുഖ്യമന്ത്രിയുടെ

ഓഫീസ് ചോർത്തിയെന്നാണ് ആരോപണം. ജീവനക്കാരുടെ സ്വകാര്യ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശം അയക്കുന്നത് തടയണമെന്നാണ് ആവശ്യം.

സർക്കാർ ചെലവിലുള്ള പാർട്ടി സർവ്വേ തടഞ്ഞ ഹൈക്കോടതി ഉത്തരവിന്‍റെ ബഹളം മാറും മുൻപാണ് വ്യക്തിവിവര ചോർച്ച ആരോപണവും കോടതിയിലെത്തുന്നത്. കഴിഞ്ഞ ദിവസം സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാരുടെ സ്വകാര്യ ഫോണുകളിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വന്ന സന്ദേശം ചൂണ്ടികാട്ടിയാണ് ഹർജി. ശമ്പളത്തിനും മറ്റ് ഔദ്യോഗിക ആവശ്യത്തിനും മാത്രമായി സ്പാർക്കിൽ നൽകിയ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ കിട്ടി എന്ന് അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം.

ഡി എ വർധന, ശമ്പളം പരിഷ്കാരണം തുടങ്ങി ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ സാധ്യത ഉള്ള കാര്യങ്ങൾ ആയിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്.വ്യക്തികളുടെ ഫോൺ നമ്പറും മറ്റും വിവരങ്ങളും അവരുടെ അനുമതി ഇല്ലാതെ ശേഖരിച്ചാണ് ഈ സന്ദേശങ്ങൾ അയച്ചതെന്നും ഇത് സ്വകാര്യതയുടെ ലംഘനം ആണെന്ന് ഹർജിക്കാർ ആരോപിക്കുന്നു.