
തിരുവനന്തപുരം: വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്‍റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതായിയും പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തിൽ അദ്ദേഹത്തിന്റെ മകൾ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാർത്ത മലയാളികൾ വിഷമത്തോടെയാണ് ശ്രവിച്ചത്.
കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്നു അദ്ദേഹം. പന്ത്രണ്ടാം വയസ്സിൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്കർ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആൽബങ്ങൾ പുറത്തിറക്കി. ഉപകരണ സംഗീതത്തിന്റെ വിസ്മയ സാധ്യതകൾ തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് അദ്ദേഹം കലാരംഗത്ത് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു ബാലഭാസ്കര്‍. ഹൃദയാഘാതമാണ് മരണ കാരണം. 40 വയസായിരുന്നു. കുടുംബവുമായി ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽ പെട്ടത്. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകടത്തിൽ മരിച്ചിരുന്നു.
ബാലഭാസ്കറിന്‍റെ ആരോഗ്യ നിലയിൽ ഇന്നലെ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതാണ് മരണ കാരണം. ബാലഭാസ്കറിനൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam