ഒഎന്‍വിയുടെ പേരില്‍ സാംസ്ക്കാരികസമുച്ചയം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി

By Web DeskFirst Published May 27, 2017, 8:43 PM IST
Highlights

ഒ.എന്‍.വി സ്മരണയ്ക്കായി അഞ്ചു കോടി ചെലവിട്ട് സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ പ്രഥമ ഒ എന്‍ വി ദേശീയ സാഹിത്യ പുരസ്‌കാരം കവയത്രി സുഗതകുമാരിക്ക് തിരുവനന്തപുരത്ത് സമ്മാനിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലയാളത്തിന്റെ അഭിമാനമായ ത്രയാക്ഷരി ഒ.എന്‍.വിയുടെ പേരിലെ കള്‍ച്ചറല്‍ അക്കാദമി കവിയുടെ ജന്മദിനത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സഹജീവി സ്‌നേഹവും തൊഴിലാളി വര്‍ഗ സ്‌നേഹവുമാണ് ഒ.എന്‍.വി കവിതയുടെ നീരും നിറവുമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. നിര്‍ബന്ധിത മലയാള ഭാഷാ നിയമം ഒ.എന്‍.വിക്കുള്ള സര്‍ക്കാരിന്റെ സ്മരാണഞ്ജലിയാണ്.

മൂന്നു ലക്ഷം രൂപയും ബാലന്‍ നമ്പ്യാര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന ഒ.എന്‍.വി ദേശീയ സാഹിത്യ പുരസ്‌കാരം സുഗതകുമാരി ഏറ്റുവാങ്ങി. യുവസാഹിത്യ പുരസ്‌കാരങ്ങള്‍ ആര്യോഗോപിയും സുമേഷ് കൃഷ്ണനും പങ്കിട്ടു. പുരസ്‌കാരങ്ങള്‍ വി.എം സുധീരന്‍ സമ്മാനിച്ചു. അന്‍പതിനായിരം രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മലയാളം സര്‍വകലാശാല വി സി കെ.ജയകുമാര്‍ ഒ.എന്‍.വി അനുസ്മരണ പ്രഭാഷണം നടത്തി. എം.എ ബേബി, പ്രഭാവര്‍മ തുടങ്ങിയവര്‍ സംസാരിച്ചു. ഒ എന്‍ വി രചനകളെക്കുറിച്ച് ഡോ മനോജ് എഴുതിയ പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു

click me!