വളര്‍ത്തു മൃഗങ്ങളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തി

By Web DeskFirst Published May 27, 2017, 8:42 PM IST
Highlights

ദില്ലി: രാജ്യത്ത് കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നതു നിരോധിച്ചതിന് പിന്നാലെ, നായകളെയും പൂച്ചകളെയും ഉള്‍പ്പെടെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇതനുസരിച്ച്, എട്ട് ആഴ്ചയില്‍ താഴെ പ്രായമുള്ള നായ്ക്കുട്ടികളെയും പൂച്ചക്കുഞ്ഞുങ്ങളെയും വില്‍ക്കുന്നതു നിരോധിച്ചു. വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന കടകളിലുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ വില്‍പനയ്ക്കായി ഇവയെ പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

വളര്‍ത്തു മൃഗങ്ങളെ പ്രജനനം നടത്തി വില്‍ക്കുന്നവര്‍ സംസ്ഥാന മൃഗക്ഷേമ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്തു സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും ഉത്തരവിലുണ്ട്. ഇതു കടകള്‍ക്കു പുറത്തു പ്രദര്‍ശിപ്പിക്കണം. ഇതിനു പുറമെ, വാങ്ങുകയും വില്‍ക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന മൃഗങ്ങളുടെ വിശദാംശങ്ങളും കടകളില്‍ സൂക്ഷിക്കണം. മൃഗങ്ങളെ എവിടെനിന്ന്, എപ്പോള്‍ ലഭിച്ചു; ആര്‍ക്ക്, എപ്പോള്‍ വിറ്റു തുടങ്ങിയ വിശദാംശങ്ങളും സൂക്ഷിക്കണം. 

പ്രായപൂര്‍ത്തിയാകാത്തവരും മാനസിക ദൗര്‍ബല്യമുള്ളവരും മൃഗപരിപാലകരായി റജിസ്റ്റര്‍ ചെയ്യുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം  1960 അനുസരിച്ചാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

click me!