മഹാരാജാസ് കോളേജില്‍ കണ്ടെത്തിയത് നിര്‍മ്മാണസാമഗ്രികളെന്ന് മുഖ്യമന്ത്രി

By Web DeskFirst Published May 5, 2017, 6:17 AM IST
Highlights

തിരുവനന്തപുരം: മഹാരാജാസ് കോളജില്‍ കണ്ടെത്തിയത് വാര്‍ത്ത പണിക്കുളള നിര്‍മാണ സാമഗ്രികളെന്ന് മുഖ്യമന്ത്രി. ആയുധങ്ങളെങ്ങനെ വന്നു എന്നതില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ വെട്ടുകത്തിയുംകുറുവടിയും പഠനോപകരണങ്ങളാണെന്ന് തോന്നുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു.

മഹാരാജാസ് കോളജ് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം. കോളജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച കേസിലെ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. അക്രമകാരികളെ സര്‍ക്കാര്‍ പരോക്ഷമായി സഹായിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. പി ടി തോമസാണ് ആരോപണം ഉന്നയിച്ചത്.

വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ നിന്നല്ല സ്റ്റാഫ് ഹോസ്റ്റലില്‍ നിന്നാണ് ഉപകരണങ്ങള്‍ പിടിച്ചതെന്ന് മുഖ്യമന്ത്രി. മധ്യവേനലവധിക്ക് പോയതിനാല്‍ വിദ്യാര്‍ഥികള്‍ സ്ഥലത്തില്ലായിരുന്നു. മഹാരാജാസിനെ തീവ്രവാദ കേന്ദ്രമാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു. ആരാണ് ആയുധം കൊണ്ടുവച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റ് വിദ്യാര്‍ഥി സംഘടനകളെ കുട്ടികള്‍ സ്വീകരിക്കാത്തതിന് എസ് എഫ് ഐയെ പഴി പറഞ്ഞിട്ട് കാര്യമില്ല.  പറയുന്ന തരത്തിലുളള ഒരു ഭീകരതയും മഹാരാജാസിലില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

മഹാരാജാസ് വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ തക്ക പ്രാധാന്യമുളളതല്ലെന്ന് തുടക്കത്തില്‍ സ്പീക്കര്‍ പറഞ്ഞത് പ്രതിപക്ഷ ബഹളത്തിന് കാരണമായി. വിഷയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി.

click me!