ഉന്നാവ് ബലാത്സംഗ കേസിൽ സിബിഐ നൽകിയ അപ്പീലിൽ തിങ്കാഴ്ച സുപ്രീം കോടതി അടിയന്തര വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയായിരിക്കും വാദം കേള്‍ക്കുക
ദില്ലി: ഉന്നാവ് ബലാത്സംഗ കേസിൽ സിബിഐ നൽകിയ അപ്പീലിൽ തിങ്കാഴ്ച സുപ്രീം കോടതി അടിയന്തര വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയായിരിക്കും വാദം കേള്‍ക്കുക. ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട കേസും തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. കോളിളക്കം സൃഷ്ടിച്ച ഉന്നാവ് ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്‍റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കുൽദീപ് സിംഗ് സെൻഗാറിനെ പുറത്തുവിട്ടാൽ അതീജിവിതയുടെ ജീവൻ അപകടത്തിലാകുമെന്നാണ് സിബിഐ ഹര്‍ജിയിൽ പറയുന്നത്. പ്രതിയുടെ സ്വാധീനം, നേരത്തെ ചെയ്ത കുറ്റകൃത്യത്തിന്‍റെ സ്വഭാവം അടക്കം ചൂണ്ടിക്കാട്ടിയാണ് ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സിബിഐ സ്പെഷൽ ലീവ് പെറ്റീഷൻ സമർപ്പിച്ചത്.
പോക്സോ വകുപ്പടക്കം ചുമത്തിയ കേസിന്‍റെ ഗൗരവം ദില്ലി ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നും സിബിഐ പറയുന്നു. അതേസമയം, ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ തന്‍റെ കുടുംബത്തെ ഇല്ലാതെയാക്കുമെന്ന് കുൽദീപ് സെൻഗാർ ഭീഷണിപ്പെടുത്തിയിരുന്നു എന്ന വെളിപ്പെടുത്തലുമായി ഉന്നാവിലെ അതിജീവിതയുടെ അമ്മ രംഗത്തെത്തി. ജാമ്യം കിട്ടിയതോടെ പേടിച്ചാണ് കുടുംബം കഴിയുന്നത്. ജാമ്യം പിൻവലിച്ചില്ലെങ്കിൽ വീണ്ടും തങ്ങള്‍ക്കെതിരെ ആക്രമണം നടക്കും. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അതിജീവിതയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് സിബിഐ ഹർജിയിൽ ആവശ്യപ്പെടുന്നത്.
ദില്ലി ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നാണ് സിബിഐ വാദം. വിചാരണക്കോടതി കുൽദീപ് സിംഗ് സെൻഗാറിന് വിധിച്ച ജീവപര്യന്തം കഠിനതടവാണ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചത്. ദില്ലിയിൽ തന്നെ തുടരണമെന്നും അതിജീവിത താമസിക്കുന്ന സ്ഥലത്തിന്‍റെ 5 കിലോമീറ്റർ ചുറ്റളവിൽ പോകരുതെന്നുമടക്കമുള്ള ഉപാധിയോടെയായിരുന്നു ഹൈക്കോടതി നടപടി. നേരത്തെ നേത്ര രോഗ ശസ്ത്രക്രിയ നടത്താൻ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കുൽദീപ് സിങ് സെൻഗാറിനെ ജാമ്യത്തിൽ വിട്ടയക്കുകയും അപ്പീൽ പരിഗണനയിലിരിക്കെ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് ആണെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻ ഗാറിൽ നിന്ന് ഭീഷണി തുടരുകയാണെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാനൊരുങ്ങുകയാണ് അതിജീവിത. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കണ്ടിരുന്നു.



