
തിരുവനന്തപുരം: ശബരിമലയിൽ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യതീഷ് ചന്ദ്ര ഡ്യൂട്ടി നിർവഹിക്കുക മാത്രമായിരുന്നു ചെയ്തത്. കേന്ദ്രമന്ത്രിയുടെ മാത്രമല്ല, കൂടെ വന്നവരുടെയും വാഹനങ്ങൾ അകത്തേയ്ക്ക് വിടണമെന്നാവശ്യപ്പെട്ടപ്പോഴാണ് പൊലീസ് അത് തടഞ്ഞത്. കേന്ദ്രമന്ത്രി അത് ചോദ്യം ചെയ്തപ്പോഴാണ് പൊലീസുദ്യോഗസ്ഥർക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടി വന്നത്. കേന്ദ്രമന്ത്രിയെന്ന ആദരവോടെ തന്നെയാണ് പൊലീസ് സംസാരിച്ചത്. അതിൽ പ്രത്യേകിച്ച് അപാകതയൊന്നുമില്ല - മുഖ്യമന്ത്രി പറഞ്ഞു.
"കൃത്യമായി ജോലി ചെയ്യുന്ന പൊലീസുദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന നടപടി സംഘപരിവാർ ഇപ്പോൾ ചെയ്തു വരുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് നേരത്തേ ചില പൊലീസുദ്യോഗസ്ഥരുടെ ജാതിയും മതവും പറഞ്ഞ് പ്രചാരണം നടത്തുന്ന രീതി കണ്ടത്. പൊലീസുദ്യോഗസ്ഥരുടെ ഭാര്യവീടുകൾക്ക് മുന്നിൽ സംഘപരിവാർ പ്രതിഷേധം നടത്തുകയാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസുദ്യോഗസ്ഥരുടെ വീടുകൾ ആക്രമിക്കുമെന്നാണ് ഭീഷണി.'' മുഖ്യമന്ത്രി പറഞ്ഞു.
''ഇതിന്‍റെയെല്ലാം ഉദ്ദേശ്യം ഒന്നാണ്. ഭയപ്പെടുത്താൻ പറ്റുമോ എന്ന് നോക്കുകയാണ്. എങ്കിലും പൊലീസ് പതറാതെ ഡ്യൂട്ടി നിർവഹിക്കുകയാണ്. ഇത് സ്തുത്യർഹമാണ്.'' മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങൾ സർക്കാരിന് അനുകൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമികളെ നേരിടുന്നതിന് സർക്കാരിന് പൂർണ അധികാരം നൽകുന്നതാണ് കോടതി പരാമർശങ്ങൾ. നിയന്ത്രണങ്ങൾ യഥാർഥ ഭക്തരെ ബാധിക്കരുതെന്ന നിർദേശം മാത്രമാണ് കോടതി നൽകിയത്. വാദങ്ങൾക്കിടെ കോടതി ചോദിച്ച ചില ചോദ്യങ്ങളെ വിമർശനമായി ചില മാധ്യമങ്ങൾ ഉന്നയിക്കുകയാണ് ചെയ്തത്. ശരണം വിളികൾ തടയില്ലെന്ന എജിയുടെ റിപ്പോർട്ടിനെ കോടതി വിശ്വാസത്തിലെടുത്തിട്ടുണ്ട്. സന്നിധാനത്ത് ശരണം വിളി തടഞ്ഞെന്ന പ്രചാരണം ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ അത്തരം ഒരു സംഭവമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam