മന്ത്രിയുടെ വിദേശയാത്ര അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി

Published : Aug 17, 2018, 08:49 PM ISTUpdated : Sep 10, 2018, 04:43 AM IST
മന്ത്രിയുടെ വിദേശയാത്ര അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി

Synopsis

രാജു ജര്‍മ്മനിയില്‍ പോയ കാര്യം അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തിരുവനന്തപുരത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയായിരുന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതത്തിനിടയില്‍ വിദേശ സന്ദര്‍ശനത്തിന് പോയ മന്ത്രി കെ രാജുവിന്‍റെ നടപടി അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ മന്ത്രിമാര്‍ വിദേശത്ത് പോകുമ്പോള്‍ മുഖ്യമന്ത്രി അറിയാറുണ്ട്. എന്നാല്‍ രാജു ജര്‍മ്മനിയില്‍ പോയ കാര്യം അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തിരുവനന്തപുരത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേ സമയം  വനം മന്ത്രി കെ.രാജുവിനോട് തിരിച്ചെത്താന്‍ സിപിഐ ആവശ്യപ്പെട്ടു.  വേൾഡ് മലയാളി കൗൺസിലിൻറെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി ജര്‍മ്മനിക്ക് പോയത്. കോട്ടയം ജില്ലയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കാനുള്ള ചുമതലയുള്ള ആളാണ് വനംമന്ത്രി രാജു. കേരളം ഇതുവരെ കാണാത്ത പ്രളയം നേരിടുമ്പോള്‍ രക്ഷാ ചുമതല ഏകോപിപ്പിക്കേണ്ട മന്ത്രി ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ വിദേശയാത്ര നടത്തിയത് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിയോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. 

അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് വനം മന്ത്രി ജർമ്മനിയിലേക്ക് പോയിരിന്നത്.  ഇന്നലെ തിരുവനന്തപുരത്ത് നിന്നാണ് മന്ത്രി ജര്‍മ്മനിക്ക് പുറപ്പെട്ടത്. വേൾഡ് മലയാളി കൗൺസിലിൻറെ സമ്മേളനത്തിലെ അതിഥിയാണ് മന്ത്രി. പ്രളയക്കെടുതി രൂക്ഷമായ കോട്ടയം ജില്ലയുടെ ചുമതല ഉള്ളപ്പോഴായിരുന്നു മന്ത്രിയുടെ വിനോദയാത്ര.

പ്രത്യേക ചുമതലയുള്ള മന്ത്രിമാർ 24 മണിക്കൂറും അതാത് ജില്ലകളിൽ ഏകോപനം നടത്തേണ്ടതുണ്ട്. കെ.രാജു ഇന്നലെ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ പോലും പങ്കെടുക്കാതെയാണ് വിദേശത്തേക്ക് പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രളയക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നീട്ടിവെച്ചിരുന്നു. 

പ്രളയകാലത്തെ സർക്കാറിന്റെ ഉദാസീന സമീപനത്തിൻറെ മറ്റൊരു ഉദാഹരണമാണ് രാജുവിന്റെ ജർമ്മൻയാത്രയെന്ന് പ്രതിപക്ഷനേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ചത് കൊണ്ടാണ് വിദേശത്തേക്ക് പോയതെന്നായിരുന്നു വനംമന്ത്രിയുടെ മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏരിയപ്പള്ളിയിൽ അര്‍ധരാത്രി കടുവയെ കണ്ടെന്ന് നാട്ടുകാര്‍; പുല്‍പ്പള്ളിയിലെ ആളെക്കൊല്ലി കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു, കൂട് സ്ഥാപിച്ചു
ഫാൻസിന്റെ കരുത്ത് വോട്ടാക്കാൻ വിജയ്, കേരളത്തില്‍ സജീവമാകാന്‍ ടിവികെ, കൊച്ചിയില്‍ യോഗം ചേര്‍ന്നു