ചന്ദ്രൻ ഉണ്ണിത്താന്‍റെ മരണം; ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jan 3, 2019, 12:46 PM IST
Highlights

പന്തളത്ത് ഇന്നലെ നടന്ന പ്രകടനത്തിനിടെ പരിക്കേറ്റ ഉണ്ണിത്താന്‍ ചികിത്സയിലിരിക്കെ രാത്രിയാണ് മരിച്ചത്. തലയിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് രക്തസ്രാവം  കൂടിയതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ ശബരിമല കര്‍മ്മ സമിതി നടത്തിയ പ്രകടനത്തിനിടെ കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം. ചന്ദ്രന്‍ ഉണ്ണിത്താന്‍റെ മരണ കാരണം ഹൃദയസ്തംഭനമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കല്ലേറിനെ തുടര്‍ന്നാണ് ഉണ്ണിത്താന്‍ മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പന്തളത്ത് ഇന്നലെ നടന്ന പ്രകടനത്തിനിടെ പരിക്കേറ്റ ഉണ്ണിത്താന്‍ ചികിത്സയിലിരിക്കെ രാത്രിയാണ് മരിച്ചത്. തലയിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് രക്തസ്രാവം  കൂടിയതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ കല്ലേറിനെ തുടര്‍ന്നാണ് ഉണ്ണിത്താന്‍ മരിച്ചതെന്നായിരുന്നു കര്‍മ്മ സമിതിയും കുടുംബവും ആരോപിച്ചത്.

അതേസമയം ശബരിമല കര്‍മ്മ സമിതി പന്തളത്ത് നടത്തിയ പ്രകടനം പൊലീസിന്‍റെ വിലക്ക് ലംഘിച്ചായിരുന്നെന്ന് പത്തനംതിട്ട എസ്പി ടി  നാരായണൻ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. പൊലിസ് വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയതാണ് പന്തളത്തെ സംഘർഷത്തിന് കാരണം. സംഘർഷ സാധ്യതയുള്ള കാര്യം പന്തളം സിഐ ശബരിമല കർമസമിതി പ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ചായിരുന്നു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പന്തളത്ത് പ്രകടനം നടത്തിയതെന്നും എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പന്തളം മണികണ്ഠൻ ആൽത്തറയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കെഎസ്ആആർടിസി സ്റ്റാൻഡ് ചുറ്റി പന്തളം കവലയിലേക്ക് വരുമ്പോഴാണ് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്ന് കോൺക്രീറ്റ് കട്ടകളും കല്ലുകളും വലിച്ചെറിഞ്ഞെത്. സി പി.എം പ്രവർത്തകരാണ് അക്രമത്തിന് പിന്നില്ലെന്ന് ശബരിമല കർമ്മ സമിതി ആരോപിച്ചു. അക്രമത്തില്‍ ഏതാണ്ട് പത്തോളം പേര്‍ക്ക് പരിക്കേറ്റു. കല്ലേറിൽ പരിക്കേറ്റ 10 പേരിൽ സിവിൽ പൊലീസ് ഓഫീസറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. കല്ലേറില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണന്‍ പൊലീസ് കസ്റ്റഡിയിലാണ്. മറ്റൊരാള്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. 

click me!