എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചു; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

By Web DeskFirst Published May 20, 2017, 12:10 PM IST
Highlights

തിരുവനന്തപുരം: ഒരു വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കമിട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖയമന്ത്രിയുടെ വാര്‍ത്താ സമ്മേളനം.

തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്കു രാഷ്ട്രീയ രക്ഷകര്‍ത്താവ് ഉണ്ടാകില്ല. ഇത് ഉറപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് 17 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് കാലത്തെ അനാശാസ്യതകള്‍ തുറന്ന് കാണിക്കപ്പെടുന്നുണ്ട്. അഴിമതിക്കാര്‍ അധികാരസ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കുന്ന പതിവ് നിന്നു. 

രാഷ്ട്രീയ രക്ഷാകതൃത്വം അഴിമതിക്കാര്‍ക്ക് കിട്ടാതായി, അതാണ് വലിയ നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തെക്കുള്ള പ്രവര്‍ത്തനം വിലയിരുത്താനുള്ള സമയമായി. വികസനകാര്യങ്ങളില്‍ പൊതുവായ നിലപാടുകള്‍ എല്‍ഡിഎഫിനുണ്ട്. മതനിരപേക്ഷ അഴിമതി രഹിത വികസിത കേരളമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുഡിഫ് കാലത്തെ അവസ്ഥ വ്യത്യസ്തമായിരുന്നു. പൊതു സിസ്റ്റം തകര്‍ത്ത് യുഡിഎഫ് സര്‍ക്കാര്‍ സമഗ്ര മേഖലയിലും പ്രതിസന്ധിയുണ്ടാക്കി. ജീര്‍ണമായ രാഷ്ട്രീയ സംസ്‌കാരമായിരുന്നു അവരുണ്ടാക്കിയത്. ഇത് തിരുത്തി ആരോഗ്യവത്തായ രാഷ്ട്രീയ സംസ്‌കാരം പകരം വയ്ക്കാന്‍ ഒരു വര്‍ഷം കൊണ്ട് കഴിഞ്ഞു. ഇടത് സര്‍ക്കാറിന്റെ പ്രവര്‍ത്തനം വ്യക്തമായ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സ്വപ്‌നം കാണുന്നത് നവകേരളമാണ്. നാലു മിഷനുകളിലൂടെ ഇതു പടുത്തുയര്‍ത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകും. പുതിയ കാലത്തന്റെ വെല്ലുവിളികള്‍ നേരിട്ടാണു മുന്നോട്ടുപോകുന്നത്. ഇടതുബദല്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതികള്‍ തുടങ്ങി. 1957ലെ സാഹചര്യങ്ങളുമായി പൊരുത്തവും വൈരുദ്ധ്യങ്ങളും ഉണ്ട്. രക്ഷപ്പെടുമെന്ന തോന്നല്‍ പരമ്പരാഗത വ്യവസായങ്ങള്‍ക്കുണ്ടായി. കയര്‍ മേഖലയില്‍ ആധുനികവല്‍ക്കരണത്തിനു പ്രാധാന്യം നല്‍കി. കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

കൈത്തറി തൊഴിലാളികള്‍ക്ക് ആശ്വാസകരമായ നടപടികള്‍ സ്വീകരിച്ചു. അടുത്തവര്‍ഷം മുതല്‍ യുപി സ്‌കൂളുകളിലേക്കും കൈത്തറി വസ്ത്രങ്ങള്‍ വ്യാപിപ്പിക്കും. കൈത്തറി മേഖലയിലേക്കു കൂടുതല്‍ തൊഴിലാളികളെത്തി.

പെന്‍ഷന്‍ വീട്ടിലെത്തിക്കാന്‍ കഴിഞ്ഞതു നേട്ടമായി. ക്ഷേമ പെന്‍ഷന്‍ ഇനത്തിലുണ്ടായിരുന്ന മുഴുവന്‍ തുകയും കൊടുത്തുതീര്‍ത്തു. ചില സാങ്കേതിക കാരണങ്ങളാല്‍ ചിലര്‍ക്കു നല്‍കാന്‍ വൈകി. 1900 കോടി രൂപയുടെ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യാന്‍ സാധിച്ചു. ക്ഷേമ പെന്‍ഷനുകളുടെ തുക കൂട്ടി. ഗെയില്‍ പദ്ധതി ഉടന്‍ നടപ്പാക്കും. അതു സര്‍ക്കാരിന് വന്‍തോതില്‍ ഗുണപ്രദമാണ്. 

റെയില്‍വെ വികസനത്തിന് കേരള റെയില്‍ എന്ന പേരില്‍ സംയുക്ത സംരംഭം ആരംഭിക്കും. ദേശീയപാത വികസനത്തിന്  ഭൂമിയേറ്റെടുക്കലിന്റെ എതിര്‍പ്പു കുറഞ്ഞു. ജനങ്ങള്‍ക്കു സര്‍ക്കാരില്‍ വിശ്വാസം വന്നത്‌കൊണ്ടാണത്. അഭിമാനാര്‍ഹമായ പദ്ധതിയാണ് കിഫ്ബി. ലോകോത്തര നിലവാരത്തിലുള്ള സാമ്പത്തിക വിദഗ്ധരാണ് കിഫ്ബി പ്രവര്‍ത്തനം വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


 

click me!