അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം: 'പുതിയ കേരളത്തിന്റെ ഉദയം, നവകേരളത്തിലേക്കുള്ള ചവിട്ടുപടി': മുഖ്യമന്ത്രി

Published : Nov 01, 2025, 05:47 PM ISTUpdated : Nov 01, 2025, 06:42 PM IST
pinarayi vijayan

Synopsis

അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ കേരളത്തിന്റെ ഉദയമെന്നും ഇത് നവകേരളത്തിലേക്കുള്ള ചവിട്ടുപടിയെന്നും അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചു. തിരുവന്തപുരം സെൻ‌ട്രൽ സ്റ്റേഡിയത്തിൽ നടന്ന ച‌ടങ്ങിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. ചടങ്ങിൽ നടൻ മമ്മൂട്ടി വിശിഷ്ടാതിഥിയായി. അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ചരിത്രത്തിൽ ഇന്ന് പുതിയ അധ്യായം തുറന്നു. ലോകത്തിന് മുന്നിൽ നാം ആത്മാഭിനത്തോടെ തല ഉയർത്തി നിൽക്കുന്നുവെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. 

ഈ പ്രഖ്യാപനം തട്ടിപ്പ് അല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിർഭാഗ്യകരമായ ഒരു പരാമർശം ഇന്ന് കേട്ടുവെന്നും അതിലേക്ക് കൂടുതൽ പോകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. നാടിന്റെ ഒരുമ കൊണ്ടാണ് ഇത് നേടാനായത്. അസാധ്യം എന്ന് ഒന്ന് ഇല്ല എന്ന് തെളിഞ്ഞു. ഓരോ കുടുംബത്തിലെയും അതിദാരിദ്യ അവസ്ഥ മാറുന്നത് മന്ത്രിസഭ വിലയിരുത്തി. 4,70,000 ൽ അധികം വീടുകൾ യാഥാർഥ്യമാക്കി. എൽഡിഎഫ് പ്രഖ്യാപിച്ച ഓരോ വാഗ്ദാനവും യാഥാർഥ്യമാക്കുന്നു. ഇതിൽ ചാരിത്യാർത്ഥ്യം ഉണ്ട്. നമുക്ക് ഒരു ഭൂതകാലം ഉണ്ട്. അവിടെ നിന്ന് പലവിധ ക്ലേശങ്ങൾ താണ്ടിയാണ് നാം ഇവിടേക്ക് എത്തിയത്. 

പുതിയ കേരളത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ഇടത് പക്ഷ സർക്കാരുകൾ നേതൃത്വം നൽകി. കേരളാ മോഡൽ എന്ന് ലോകം വിളിച്ചു. നാല് ലക്ഷം വീടുകൾ പൂർത്തിയാക്കാനായത് നിങ്ങൾ തന്നെ തുടർന്നോളൂ എന്ന് ജനം പറഞ്ഞത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചത്.  മാതൃശിശു മരണ നിരക്കിൽ അമേരിക്കയേക്കാള്‍ താഴെയാണ് കേരളമെന്നും ഇതാണ് യഥാർഥ കേരള സ്‌റ്റോറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കുന്നു കൂടുന്ന സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലാണ് കാര്യം. പ്രസവചികിത്സയിലും അമേരിക്കയിലേക്കാൾ മെച്ചമാണ്. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലേതെന്നും മുഖ്യമന്ത്രി. 

വികസനം എന്നാൽ അംബരചുംബികൾ മാത്രമല്ല. കേരളം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണ്. ഡിജിറ്റൽ യൂണിവേഴ്സിറ്റിയും വാട്ടർ മെട്രോയും രാജ്യത്തിന് മാതൃകകളാണ്. സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. കേരളത്തിന്റെ കൊവിഡ് പ്രതിരോധം ആഗോള മാതൃകയായി മാറി. ഇടത് സർക്കാരുകളുടെ പദ്ധതികളും നേട്ടങ്ങളും എടുത്ത് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അതി ദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിൽ എല്ലാവർക്കും അഭിമാനിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇത് ആരുടെയും ഔദാര്യം അല്ല. ഒരു കുടുംബം പോലും ആഹാരത്തിനായി കൈ നീട്ടേണ്ട അവസ്ഥയില്ലെന്നുറപ്പാക്കി. വീട് സ്വപ്നം ആയിരുന്നവർക്ക് അത് യഥാർത്ഥ്യമാക്കി. ആരും പിന്നിലാകരുത് എന്നത് ഈ സർക്കാരിന്റെ മുദ്രാവാക്യം. 2016 ഇൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ വികസനം മുരടിച്ച് നാട് വിറങ്ങലിച്ച അവസ്ഥയിൽ ആയിരുന്നു. അവിടെ നിന്നാണ് നാം തുടങ്ങിയത്. എൽഡിഎഫ് സർക്കാരുകളാണ് ക്ഷേമ പെൻഷൻ കൂട്ടിയത്. വാട്ടർ മെട്രോയെ കുറിച്ച് പഠിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്ന് വരെ സംഘങ്ങൾ എത്തുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ദുരന്ത സമയങ്ങളിൽ നമുക്ക് കേന്ദ്ര സഹായം ലഭിച്ചില്ല. നാട് തകർന്നു പോകുമോ എന്ന് ആശങ്ക ഉയർന്ന ഘട്ടങ്ങൾ ഉണ്ടായി. പക്ഷേ നമുക്ക് അതിജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. വയനാട് ദുരന്തത്തിൽ നമുക്ക് ലഭിക്കേണ്ട സഹായം ലഭിച്ചില്ല. ജനുവരിയിൽ വയനാട് ടൗൺഷിപ്പ് പൂർത്തിയാക്കി ആളുകളെ താമസിപ്പിക്കും. ഒരു പ്രതിസന്ധിയ്ക്കും കേരളത്തെ തകർക്കാനാവില്ല. നമുക്ക് മുന്നിൽ അസാധ്യമായി ഒന്നുമില്ല. നമ്മുടെ ഒരുമയെ ആർക്കും തകർക്കാനാവില്ല. പക്ഷേ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ കേന്ദ്ര നിലപാടുകൾ തുറന്ന് കാട്ടണം. നമ്മുടെ മിഷൻ ഇവിടെ അവസാനിക്കുന്നില്ല. അതി ദാരിദ്ര്യ മിഷൻ തുടരും. കേരള ജനതയാകെ ഞങ്ങൾക്ക് ഒപ്പം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതി ദാരിദ്ര്യ നിർമാർജന റിപ്പോർട്ട് മമ്മൂട്ടിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്