
തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത പ്രഖ്യാപനമടക്കമുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അതിദാരിദ്ര മുക്ത പ്രഖ്യാപനം സര്‍ക്കാര്‍ പ്രചാരണത്തിനുള്ള ഉപാധിയാക്കിയെന്നും ഇതിനായി കേരളത്തിന് പുറത്ത് പത്ത് കോടി രൂപ പരസ്യത്തിന് ചെലവാക്കിയെന്നും അഡ്വ. സണ്ണി ജോസഫ് ആരോപിച്ചു. അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് മഹാനടന്മാര്‍ സര്‍ക്കാരിന്‍റെ വഞ്ചനയ്ക്ക് കൂട്ടുനിൽക്കരുതായിരുന്നുവെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു. മഹാനടന്മാര്‍ക്ക് ഇതേക്കുറിച്ച് വലിയ ധാരണയുണ്ടാകില്ലായിരിക്കും. തിരക്കുള്ള ആളുകളല്ലെയെന്നും സണ്ണി ജോസഫ് പറഞ്ഞു. അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിലേക്ക് നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ തുടങ്ങിയവരെ ക്ഷണിച്ചിരുന്നു. വ്യക്തിപരമായ അസൗകര്യങ്ങളെതുടര്‍ന്ന് മോഹൻലാലും കമൽഹാസനും പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. മമ്മൂട്ടി പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിനിടെയാണ് നടന്മാരെ വിമര്‍ശിച്ചുകൊണ്ടുള്ള സണ്ണി ജോസഫിന്‍റെ പ്രതികരണം.
സര്‍ക്കാര്‍ പ്രഖ്യാപനങ്ങളിലെ കാപട്യം ജനം തിരിച്ചറിയുമെന്നും ക്ഷേമ പെൻഷൻ വർധന പ്രഖ്യാപനവും തട്ടിപ്പാണെന്നും സണ്ണി ജോസഫ് പറഞ്ഞു. 2500 രൂപയാണ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വലിയ വിജയസാധ്യത കാണുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരത്തെ തുടങ്ങി. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളെ സർക്കാർ സംരഷിക്കുകയാണ്. തുടർ സമരങ്ങൾ ഉണ്ടാകും. തെരഞ്ഞെടുപ്പ് ആയതിനാൽ സമരം നിർത്തുമെന്ന് കരുതേണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam