ഇവന്‍ വണ്ടിയിടിച്ച് മരിക്കുന്നില്ലല്ലോ എന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകരുണ്ടെന്ന് മുഖ്യമന്ത്രി

By Web DeskFirst Published Mar 5, 2018, 9:52 AM IST
Highlights

കുറച്ചുകൊല്ലം മുമ്പ് നിങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ എകെജി സെന്ററിന് മുന്നില്‍ ഇങ്ങനെ കൂടിയിരിക്കുമ്പോള്‍ പറഞ്ഞതാണ്. ‌ഞാനാ സമയത്ത് എകെജി സെന്ററിലേക്ക് വരികയാണ്.

തിരുവനന്തപുരം: എത്രയോ പേര്‍ റോഡില്‍ വണ്ടിയിടിച്ച് മരിക്കുന്നു, ഇയാള്‍ മരിക്കുന്നില്ലല്ലോ എന്നുവരെ പറഞ്ഞ മാധ്യമപ്രവര്‍ത്തകരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുരഫലത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് തനിക്ക് പറയാനുള്ളത് മറ്റൊന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

എനിക്ക് പറയാനുള്ളത് അതല്ല, മറ്റൊന്നാണ്, നിങ്ങളൊന്ന് ആഘോഷിച്ചല്ലോ അതിനെക്കുറിച്ചാണ്. എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്. കുറച്ചുകൊല്ലം മുമ്പ് നിങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ എകെജി സെന്ററിന് മുന്നില്‍ ഇങ്ങനെ കൂടിയിരിക്കുമ്പോള്‍ പറഞ്ഞതാണ്. ‌ഞാനാ സമയത്ത് എകെജി സെന്ററിലേക്ക് വരികയാണ്. അപ്പോള്‍ ആ വിദ്വാന്‍ അടുത്തുള്ള സുഹൃത്തുക്കളോട് പറയുകയാണ്. എത്രയാളുകള്‍ വാഹനമിടിച്ച് മരണപ്പെടുന്നു. ഇവന്‍ മരിക്കുന്നുമില്ലാലോ. അങ്ങനെ ചില വികാരക്കാര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ട്. ആ വികാരക്കാര്‍ ചമച്ചൊരു വാര്‍ത്തയാണ് പുറത്തുവന്നത്.

താൻ  മരിക്കണമെന്ന ആഗ്രഹിക്കുന്നവരാണ് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് കഥകൾ മെനഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയിലേത് പതിവ് പരിശോധന മാത്രമായിരുന്നു.ശനിയാഴ്ചയാണ് പിണറായി വിജയനെ ചെന്നൈ അപ്പോളാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് കൃത്യമായ വിവരങ്ങളൊന്നും നല്‍കിയില്ല.  മുഖ്യമന്ത്രിയുടെ ഭാര്യക്കുള്ള പതിവ് ആരോഗ്യ പരിശോധനയെന്നായിരുന്നു സിഎം മീഡിയാ വാട്ട്സ് അപ്പ് ഗ്രൂപ്പിലെ വിശദീകരണം. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുഖ്യമന്ത്രിയെ ആണെന്നായിരുന്നു അപ്പോളോ ആശുപത്രിയുടെ വാര്‍ത്താകുറിപ്പ്. ഇതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.


click me!