ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള കെട്ടിടത്തിൽ ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘം നിയന്ത്രണവിധേയമാക്കി.
ദുബായ്: ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള കെട്ടിടത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തം പൂർണമായും നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കെട്ടിടത്തിലെ താമസക്കാരെല്ലാം സുരക്ഷിതരാണെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.
കെട്ടിടത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെ ചെറിയതോതിൽ തീപിടിച്ചു. സിവിൽ ഡിഫൻസ് ടീമുകൾ അതിവേഗം ഇടപെട്ട് തീ അണയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് അധികൃതർ കർശന നിരീക്ഷണം തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പരിഭ്രാന്തി പരത്തുന്ന രീതിയിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്.
അതേസമയം ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സമാധാനവും മുൻനിർത്തി പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയം പാസാക്കി. ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ സമിതിയിലെ 15 അംഗങ്ങളിൽ 13 രാജ്യങ്ങളും അനുകൂലിച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇറാന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇത് ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
135 രാജ്യങ്ങളുടെ പിന്തുണയോടെ ബഹ്‌റൈനാണ് സുരക്ഷാ സമിതിയിൽ ഈ പ്രമേയം അവതരിപ്പിച്ചത്. ഗൾഫ് മേഖലയിലെ രാജ്യങ്ങളുടെ ആശങ്കകൾ പ്രമേയത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നിലവിൽ നടത്തുന്ന സൈനിക നടപടികളെക്കുറിച്ച് പ്രമേയത്തിൽ പരാമർശമില്ല എന്നത് ശ്രദ്ധേയമാണ്. മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ എല്ലാ രാജ്യങ്ങളും ഒരുപോലെ ബാധ്യസ്ഥരാണെന്ന് കാണിച്ച് റഷ്യ ഒരു ബദൽ പ്രമേയം അവതരിപ്പിച്ചുവെങ്കിലും അത് പരാജയപ്പെട്ടു. സൈനിക നടപടികൾ പൂർണ്ണമായും നിർത്തണമെന്ന് ആവശ്യപ്പെടുന്ന പൊതുസ്വഭാവമുള്ളതായിരുന്നു റഷ്യയുടെ പ്രമേയം.


