കൊച്ചി ന​ഗരസഭയ്ക്ക് 987 കോടി രൂപയുടെ ബജറ്റ്: നികുതി ശേഖരണം ഇനി പേ ടി എം വഴി

By Web TeamFirst Published Feb 23, 2019, 5:06 PM IST
Highlights

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കാൻ ജർമ്മൻ സഹായത്തോടെ ഇ മൊബിലിറ്റി ആക്ഷൻ പ്ലാൻ തയ്യാറാക്കും. കൊച്ചിയിലെ ഫ്ലാറ്റുകളിലെ ടോയ്‍ലറ്റുകളിലെ അമിത ജല ഉപയോഗം നിയന്ത്രിക്കാൻ പുതിയ ജല നയം കൊണ്ടു വരും

കൊച്ചി: പുതിയ നികുതി നിർദ്ദേശങ്ങളില്ലാതെ 987കോടി രൂപയുടെ വാർഷിക ബജറ്റ് കൊച്ചി നഗരസഭ അവതരിപ്പിച്ചു.  റോഡ് നിർമ്മാണം മുതൽ മാലിന്യനിർമ്മാർജ്ജനം വരെയുള്ള സേവന മേഖലകളിൽ നഗരസഭ കൗൺസിലിന് കീഴിൽ വിവിധ കമ്പനികൾ രൂപീകരിച്ച് പ്രവർത്തനം മുന്നോട്ട് പോകുമെന്നാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം നടപ്പാക്കാത്ത പദ്ധതികളുടെ ആവർത്തനമാണ് ഇക്കുറിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

945.18 കോടി രൂപയാണ് കൊച്ചി കോർപ്പറേഷൻ ഈ സാമ്പത്തിക വർഷം ചിലവ് പ്രതീക്ഷിക്കുന്നത്. 27 കോടി രൂപയുടെ നീക്കിയിരുപ്പ് ഡെപ്യൂട്ടി മേയർ ടിജെ വിനോദ് അവതരിപ്പിച്ച ബജറ്റിൽ കണക്കാക്കുന്നു. ലിത്വാനിയയുടെ തലസ്ഥാനമായ വിൽന്യയസ് സന്ദർശിച്ച ഭരണപക്ഷം അംഗങ്ങൾ മുന്നോട്ട് വെച്ച ആശയമാണ് എസ് പി വി കമ്പനികൾ. വിവിധ സേവന മേഖലകളിൽ  കോർപ്പറേഷൻ കൗൺസിലിന് കീഴിൽ മാനേജ്മെന്‍റ് വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും നേതൃത്വത്തിലാണ് കമ്പനി പ്രവർത്തിക്കുക.

2 കോടി രൂപയാണ് എസ്പിവിക്കായി വകയിരുത്തിയിരിക്കുന്നത്. നിലവിലെ നികുതി ശേഖരണം കാര്യക്ഷമമാക്കാൻ പേടിയെം വഴിയാകും പണം ശേഖരിക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കാൻ ജർമ്മൻ സഹായത്തോടെ ഇ മൊബിലിറ്റി ആക്ഷൻ പ്ലാൻ തയ്യാറാക്കും. കൊച്ചിയിലെ ഫ്ലാറ്റുകളിലെ ടോയ്‍ലറ്റുകളിലെ അമിത ജല ഉപയോഗം നിയന്ത്രിക്കാൻ പുതിയ ജല നയം കൊണ്ടു വരും. കൊതുകുനിവാരണ പദ്ധതികൾ,പൂർണ്ണ പ്ലാസ്റ്റിക നിരോധനം തുടങ്ങിയ പ്രഖ്യാപനങ്ങൾ ഭരണപക്ഷ അംഗങ്ങൾ കൈയ്യടിച്ച് സ്വീകരിച്ചു.

ന്നാൽ തനത് ഫണ്ടിൽ നിന്നും പദ്ധതികളില്ലാതെ സംസ്ഥാന കേന്ദ്ര സർക്കാർ പദ്ധതികൾ മാത്രമാണ് ബജറ്റിലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്‍റെ പാരിസ്ഥിതിക അനുമതി ലഭിച്ചാലുടൻ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആയുനിക മാലിന്യ നിർമ്മാർജ്ജന പ്ലാന്‍റിന്‍റെ നിർമ്മാണം തുടങ്ങാനാകുമെന്നാണ് കോർപ്പറേഷന്‍റെ പ്രതീക്ഷ.

click me!