പാസ്പോർട്ട് നിറംമാറ്റം: വിവാദം ശക്തമാകുന്നു

By Web DeskFirst Published Jan 16, 2018, 11:31 AM IST
Highlights

ദില്ലി:  ഇസിആർ (എമിഗ്രേഷൻ ക്ലിയറൻസ് റിക്വയേഡ്) പാസ്പോർട്ടുകൾക്ക് ഓറഞ്ച് നിറം നൽകാനുള്ള നീക്കത്തെച്ചൊല്ലി വിവാദം ശക്തമാകുന്നു. പാസ്പോര്‍ട്ടിലെ നിറം മാറ്റം കുടിയേറ്റ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി കാണുന്നുവെന്നാണു മുഖ്യ ആരോപണം. നിലവിൽ, ഇസിആർ ആവശ്യമുള്ളവർക്കും ആവശ്യമില്ലാത്തവർക്കും (ഇസിഎൻആർ) പാസ്പോർട്ടിന് ഒരേ നിറ‌മാണ്. എന്നാൽ, പാസ്പോര്‍ട്ടിലെ നിറം മാറ്റം  എമിഗ്രേഷൻ പരിശോധനകൾക്കു സഹായകമാകുമെന്നാണു സർക്കാർ ഉയര്‍ത്തുന്ന വാദം. 

പാസ്പോർട്ടുകളുടെ അവസാന പേജിൽ ചേർത്തു വന്നിരുന്ന വിവരങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.  ഇതോടെ പാസ്പോർട്ട് മേൽവിലാസത്തിനു തെളിവായി ഉപയോഗിക്കാൻ കഴിയാതെയാവും. പാസ്പോർട്ടിലെ വിവേചനത്തിനെതിരെ കോൺഗ്രസും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ വിവേചന മനോഭാവമാണ് ഇതിൽ പ്രതിഫലിക്കുന്നതെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഒരു വിഭാഗം പൗരന്മാരെ താഴ്ത്തിക്കെട്ടാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 

വിദേശയാത്രയിൽ പൗരന്മാരുടെ തിരിച്ചറിയൽ രേഖയാണു പാസ്പോർട്ട്. പേര്, പൗരത്വം, ജനനത്തീയതി, സ്ഥലം, വിലാസം തുടങ്ങിയ വിവരങ്ങളെല്ലാം പാസ്പോർട്ടിൽ ഉണ്ടാവും. വിദേശകാര്യ വകുപ്പാണു പാസ്പോർട്ട് വിതരണം ചെയ്യുന്നത്. നിലവില്‍ മൂന്നുതരം പാസ്പോർട്ടുകളാണ് ഇന്ത്യയിലുള്ളത്. നേവി‌ബ്ലു, മെറൂൺ, വെള്ള എന്നീ മൂന്നു നിറങ്ങളിലാണ് ഇന്ത്യയിലെ പാസ്പോര്‍ട്ടുകള്‍. 

റെഗുലർ പാസ്പോർട്ട് – നേവിബ്ലൂ നിറം ∙ വിനോദ, ബിസിനസ് യാത്രകൾക്കു നൽകുന്ന സാധാരണ പാസ്പോർട്ട്.

ഡിപ്ലോമാറ്റിക് പാസ്പോർട്ട് – മെറൂൺ നിറം ∙ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്കും സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥർക്കും നൽകുന്നത്.

ഒഫീഷ്യൽ പാസ്പോർട്ട് – വെള്ള നിറം ∙ ഔദ്യോഗിക യാത്രാ ആവശ്യത്തിനു സർക്കാർ പ്രതിനിധികൾക്കു നൽകുന്നത്. 
 

click me!