ഇന്‍ഡിഗോ വിമാനത്തില്‍ ബഹളം വെച്ചയാള്‍ ഐഎസ് അനുകൂലിയല്ല

By Web DeskFirst Published Jul 28, 2016, 7:48 AM IST
Highlights

മുംബൈ: ദുബായ് - കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തില്‍വച്ച് യാത്രക്കാരന്‍ ഇസ്ലാമിക സ്റ്റേറ്റിനെകുറിച്ച് പ്രസംഗിച്ചതിനെതുടര്‍ന്ന് വിമാനം മുംബെയില്‍ അടിയന്തിരമായി നിലത്തിറക്കിയ സംഭവത്തില്‍ വഴിത്തിരിവ്. യാത്രക്കാരന്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇതേത്തുടര്‍ന്ന്, ഇയാളെ മനോരോഗ വിദഗ്ദ്ധനെ കാണിച്ച ശേഷം മറ്റൊരു വിമാനത്തില്‍ കോഴിക്കോട്ടേക്ക് അയയ്‌ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് വിമാനത്തില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ സി ഐ എസ് എഫ് പിടിയിലായത്. സി ഐ എസ് എഫ് ചോദ്യം ചെയ്യലില്‍ പരസ്‌പരവിരുദ്ധമായാണ് ഇയാള്‍ സംസാരിച്ചത്.

ഇന്നു രാവിലെ 4.25നു വിമാനം ദുബായില്‍ നിന്ന് പറന്നുയര്‍ന്നയുടനെ ഐ എസിനെകുറിച്ചും ഇസ്ലാമിക മൂല്യങ്ങളെ കുറിച്ചും ഇയാള്‍ എഴുന്നേറ്റ് നിന്ന് പ്രസംഗിക്കുകയായിരുന്നുവെന്നാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ കോഴിക്കോട്ടെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാര്‍ തന്നെ, ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി സൂചന നല്‍കിയിരുന്നു. രണ്ടു യാത്രക്കാരെ ഇയാള്‍ ആക്രമിക്കുകയും തെറി വിളിക്കുകയും ചെയ്‌തായി കോഴിക്കോട്ടെത്തിയ യാത്രക്കാര്‍ പറയുന്നു. താന്‍ തീവ്രവാദത്തിനെതിരാണെന്നു പറഞ്ഞ ഇയാള്‍ പരസ്‌പരവിരുദ്ധമായി സംസാരിച്ചതായും സഹയാത്രക്കാര്‍ പറയുന്നുണ്ട്.

 

click me!