
ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പ്രമുഖ രത്നവ്യാപാരി നീരവ് മോദി നടത്തിയ തട്ടിപ്പിന്‍റെ കൂടുതല്‍ വിവരംങ്ങള്‍ പുറത്തുവന്നു. നീരവ് മോദിയും മെഹുൽ ചോക്സിയും ചേര്‍ന്ന മറ്റൊരു 1322 കോടി രൂപ കൂടി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് തട്ടിയെന്ന് കണ്ടെത്തി. ഇതോടെ പി എൻബിയിൽ നിന്ന് മാത്രം തട്ടിയ തുക 12722 കോടിയായി ഉയർന്നു.
വിദേശത്തേക്ക് കടന്ന നീരവ് മോദി തട്ടിയെടുത്ത പണം ഏകദേശം ഇരുപതിനായിരം കോടിയോളം വരുമെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റു വായ്പകളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കാണിച്ച് 16 ബാങ്കുകള്‍ക്ക് കൂടി ഇഡി നോട്ടീസ് അയച്ചിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.
രാജ്യത്തെ ബാങ്കിങ് സംവിധാനത്തെയാകെ പിടിച്ചുകുലുക്കിയ നീരവ് മോദിയുടെ തട്ടിപ്പുകളില്‍ ഇപ്പോള്‍ കണ്ടെത്തിയത് ഒരു ഭാഗം മാത്രമാണെന്ന വിലയിരുത്തലിലാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും നല്‍കിയ വായ്പകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് 16 ബാങ്കുകള്‍ക്ക് കൂടി നോട്ടീസ് നല്‍കിയത്.
വായ്പകളുടെ സ്വഭാവം, ഇതിന് ഗ്യാരന്റിയായി വാങ്ങിയിരിക്കുന്ന വസ്തുക്കളുടെ വിശദാംശങ്ങള്‍ എന്നിവയാണ് പ്രധാനമായും അന്വേഷിക്കുന്നത്. വായ്പാ തുകയുടെ 12 ശതമാനം മാത്രം മൂല്യമുള്ള വസ്തുക്കള്‍ ഗ്യാരന്റിയായി വാങ്ങി പല ബാങ്കുകളും നീരവിന് വന്‍ തുക വായ്പ അനുവദിച്ചിട്ടുണ്ടെന്നാണ് സൂചന. പണം തിരിച്ചടയ്‌ക്കാതെ വിദേശത്തേക്ക് മുങ്ങിയതിനാല്‍ ഇനി ഒരു തരത്തിലും ഈ തുക തിരിച്ച് പിടിയ്‌ക്കാന്‍ കഴിയാത്ത സ്ഥിതിയാവും. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയിലേക്ക് പോകുന്ന തരത്തിലാണ് ഇവയുടെ വിതരണമെന്നും സൂചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam