
തൃശൂര്‍: സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലുള്ള കമ്പനി ടൂറിസത്തിന്റെ മറവില്‍ പുഴ നികത്തി നിര്‍മ്മാണം നടത്തുന്നു. വെങ്കിടങ്ങ് വില്ലേജ് പരിധിയിലെ ഏനാമാവ് പുഴയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട വള്ളിയേന്‍മാടിലാണ് വൈഗാ പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലമിറ്റഡ് എന്ന സ്വകാര്യ കമ്പനി വന്‍തോതില്‍ പുഴ നികത്തലും നിര്‍മ്മാണവും നടത്തുന്നത്.
സി.അര്‍.ഇസഡിന്റെ പരിധിയില്‍ വരുന്ന അതീവ പരിസ്ഥിതി ലോല പ്രദേശമായ ഏനാമാവ് പള്ളി കടവിന് സമീപത്താണിത്. അനധികൃത നിര്‍മ്മാണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വെങ്കിടങ്ങ് പഞ്ചായത്ത് സെക്രട്ടറി എസ് ബാലാനന്ദന്‍ കമ്പനി ഡയറക്റ്ററായ പ്രവീണ്‍ ഡേവീഡിന് നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.
അന്താരാഷ്ട്ര സംഘടനയുടെ നിരീക്ഷണ വലയത്തിലുള്ളതും റംസാര്‍ ഗണത്തില്‍പ്പെട്ടതുമായ തീവ പരിസ്ഥിതി പ്രാധാന്യമുള്ള ഭൂപ്രദേശത്ത് ഒരു നിര്‍മ്മാണവും നടത്താന്‍ പാടില്ലെന്നിരിക്കെയാണ് കൈയ്യേറ്റവും നിര്‍മാണവും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൈയിലെടുത്താണ് നിര്‍മ്മാണം നടത്തി കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രണ്ടാഴ്ചയിലേറെയായി ലോഡ് കണക്കിന് ചുവന്ന മണ്ണ് ഏനാമാവ് കടവിന് പടിഞ്ഞാറ് മണലൂരിലെ തീരദേശത്ത് ഇറക്കി അവിടെ നിന്നും ചാക്കുകളില്‍ നിറച്ച് വഞ്ചിയില്‍ വള്ളിയേന്‍മാടില്‍ എത്തിച്ചാണ് പുഴ നികത്തുന്നത്.
പ്രദേശത്തേ തന്നെ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് കണക്ക് വിട്ട് കൂലിയും മദ്യവും നല്‍കി രാപകല്‍ ഇല്ലാതെയാണ് നികത്തല്‍ നടത്തുന്നത്. വെട്ടുകല്ല് ഉപയോഗിച്ച് കെട്ടി ഉയര്‍ത്തി വെള്ളം ഉയര്‍ന്നാലും മാടിലേക്ക് കടക്കാതിരിക്കുന്ന സ്ഥിതിയിലാണ് നിര്‍മ്മാണം. കായലിന്റെ നീരൊഴിക്കിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ കല്ലിട്ടതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഒരു കാലത്ത് വള്ളിയേന്‍മാടും സമീപത്തെ കാക്കതുരുത്തും ആയിരക്കണക്കിന് പക്ഷികളുടെ സങ്കേതം കൂടിയായിരുന്നു. മനുഷ്യരുടെ കൈയ്യേറ്റം വ്യാപകമായതോടെ പക്ഷികള്‍ കൂടുമാറിത്തുടങ്ങിയെന്ന് കഴിഞ്ഞ 45 വര്‍ഷമായി ഇവിടെ മത്സ്യംപിടിച്ച് ഉപജീവനം നടത്തുന്ന കെ.വി. വാസു സാക്ഷ്യപ്പെടുത്തുന്നു.
നാല് കുടുംബങ്ങളുടെ കൈവശത്തിലായിരുന്ന വള്ളിയേന്‍മാട് തൃശൂരിലെ സ്വകാര്യ വ്യക്തി 20 വര്‍ഷം മുമ്പാണ് വില കൊടുത്ത് വാങ്ങിയത്. തുടര്‍ന്ന് അനധികൃത നിര്‍മ്മാണങ്ങളുടെ പരമ്പര തുടങ്ങി. പിന്നീട് നിരവധി സ്വകാര്യ വ്യക്തികളിലൂടെ കൈമാറിയാണ് ഇന്ന് കോര്‍പ്പറേറ്റ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള വൈഗാ പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലമിറ്റഡിന്റെ കൈവശത്തിലെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam