
കുടുംബനാഥന്റെ മരണം കുടുംബത്തെ എത്രമാത്രം അനാഥമാക്കുമെന്ന് സ്വന്തം ചുറ്റുപാടുകളില്‍ നിന്ന് നമ്മുക്ക് കണ്ടെടുക്കാന്‍ കഴിയും. അനാഥമാക്കപ്പെടുന്ന ഓരോ കുടുംബവും വര്‍ഷങ്ങള്‍ കൊണ്ടാകും ജീവിതത്തിന്റെ ട്രാക്കിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. സാമൂഹിക ജീവിയായ മനുഷ്യന്റെ കാര്യമിതെങ്കില്‍ കുടുംബ ജീവിതം നയിക്കുന്ന പക്ഷി മൃഗാദികളുടെ കാര്യമെന്താകും ?
അതെ അത്തരത്തിലുള്ള ഒരു പരസ്പര സ്‌നേഹത്തിന്റെ കഥയാണിത്. അതിരപ്പള്ളിയില്‍ നിന്ന്. അതിരപ്പള്ളി മറ്റുള്ളവരെ സംബന്ധിച്ച് അവധികള്‍ ചെലവഴിക്കാനുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. എന്നാല്‍ അനേകം മനുഷ്യരും പക്ഷിമൃഗാദികളും പാരസ്പര്യത്തോടെ ജീവിക്കുന്ന ഒരു സ്ഥലമാണ് അതിരപ്പിള്ളി എന്ന സത്യം നാം എന്നും മറന്നു പോകുന്നു.
കഥ അല്ല, ഇത് ജീവിതം
വേഴാമ്പലുകളെ കുറിച്ച് നമ്മുക്കറിയാം. എന്തറിയാം ? കേരളത്തിന്റെ ഔദ്യോഗിക പക്ഷി. പെണ്‍ പക്ഷി ഗര്‍ഭിണിയായി മുട്ടയിടുന്ന സമയമാകുമ്പോള്‍ യോജ്യമായ ഒരു കൂട് കണ്ടെത്തി അവിടെ അടയിരിക്കും. ഇങ്ങനെ അടയിരിക്കുന്ന പെണ്‍പക്ഷി മറ്റ് മൃഗങ്ങളില്‍ നിന്ന് രക്ഷതേടാനായി കൂടിന്റെ വായ കാഷ്ടം, ചളി എന്നിവ ഉപയോഗിച്ച് അടയ്ക്കും. പിന്നീട് മാസങ്ങളോളം ആണ്‍പക്ഷിയാണ് ഭാര്യക്കും കുഞ്ഞിനുമുള്ള തീറ്റ കൊണ്ടുകൊടുക്കുന്നത്. കുഞ്ഞിന് പറക്കമുറ്റാറാകുമ്പോളാകും പെണ്‍പക്ഷി കൂടു തുറന്ന് പുറത്തിറങ്ങുന്നത്. കുഞ്ഞിനോടൊപ്പം. എത്ര വിശദീകരിച്ചാലും ഇതിനപ്പുറത്തേക്ക് വേഴാമ്പലുകളെ കുറിച്ച് നമ്മുക്കൊന്നുമറിയില്ല.
എന്നാല്‍ അതിരപ്പിള്ളിക്കാര്‍ക്ക് ആ വേദന തീരിച്ചറിയാനാകും. അതില്‍ ആണ്‍കിളി മരിച്ചുവീണാല്‍ അവരുടെ മനസ് പിടയും. അതേ അത്തരമൊരു സ്‌നേഹ സ്പര്‍ശത്തില്‍ ഉയര്‍ത്തെഴുന്നേറ്റ ഒരു കുടുംബമുണ്ട് ഇന്ന് അതിരപ്പിള്ളിയില്‍.
അതിരപ്പിള്ളിയിലെ പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബൈജു.കെ.വാസുദേവനും സുഹൃത്തുക്കളും ഇപ്പോള്‍ ഒരു കോഴിവേഴാമ്പല്‍ കുടുംബത്തിന്റെ രക്ഷകരാണ്. അന്ന് പതിവുപോലെ ബൈജു റോഡിലൂടെ പോകുമ്പോഴാണ് പാതി കൂമ്പിയ കണ്ണും തുറക്കാന്‍ മടിച്ച് എന്നാല്‍ പാതി തുറക്കപ്പെട്ട നിലയില്‍ കൊക്കുമുള്ള ഒരു കോഴിവേഴാമ്പലിനെ കാണുന്നത്. പക്ഷി നിരീക്ഷകനായ ബൈജുവിന് ഒറ്റനോട്ടത്തില്‍ കാര്യം മനസിലായി.
മരിച്ച് വീണത് ഒരു കൂടുംബത്തിന്റെ നാഥനാണ്. തന്റെ ഇണയ്ക്കും കുഞ്ഞിനുമുള്ള ഭക്ഷണമാണ് ആ കൊക്കുകളില്‍. ബൈജുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സുഹൃത്തുക്കളും ഫോറസ്റ്റ് ഓഫീസര്‍മാരോടും അയാള്‍ ബന്ധപ്പെട്ടു. അവര്‍ മരിച്ചു വീണ വേഴാമ്പലിന്റെ കൂടന്വേഷിച്ച് കാടരിച്ചു പെറുക്കി. ഒടുവില്‍ കണ്ടെത്തി 25 - 30 അടി ഉയരമുള്ള മരത്തില്‍. അവിടെ ദിവസങ്ങളോളം ഭക്ഷണത്തിനായി പോയ ഭര്‍ത്താവിനെ അച്ഛനെ കാണാതെ കരഞ്ഞ് തളര്‍ന്നൊരു കുടുംബം.
കാടിന്റെ മനമറിയുന്ന ബൈജുവിനും സുഹൃത്തുക്കള്‍ക്കും പിന്നീടൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവര്‍ ഉയരമുള്ള മുളകൊത്തികൊണ്ടുവന്നു. കോഴിവേഴാമ്പലിന്റെ ഇഷ്ട ഭക്ഷണമായ ആഞ്ഞിലിപ്പഴങ്ങളും അത്തിപ്പഴങ്ങളും ശേഖരിച്ചു. മുപ്പതടിയോളമുള്ള ആ വന്‍മരത്തിലേക്ക്. അമ്മ പക്ഷിയുടെ കൊക്ക് മാത്രം പുറത്തേക്ക്. തുറന്ന് വച്ച കൊക്കിലേക്ക് കൊണ്ടുവന്ന പഴങ്ങള്‍ വച്ചു കൊടുത്തു.... കുറച്ച് നേരം ചെവിയോര്‍ത്തു. അതുവരെ വിശന്ന് കരഞ്ഞിരുന്ന കുഞ്ഞ് പതുക്കെ കരച്ചിലവസാനിപ്പിച്ചു. അമ്മയും കുഞ്ഞും വിശപ്പടക്കി. വിധിക്കപ്പെട്ട മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിച്ച ആ മനുഷ്യന്റെ നേര്‍ക്ക് നോക്കി.
ഒരു പക്ഷേ ജീവിതത്തില്‍, മനസില്‍ സഹജീവിസ്‌നേഹം സൂക്ഷിക്കുന്ന അപൂര്‍വ്വം പേര്‍ക്ക് മാത്രം സാധ്യമാകുന്ന ആ നോട്ടം. സ്‌നേഹത്തിന്റെ... മാതൃത്വത്തിന്റെ... ആണയാത്ത വിശപ്പിന്റെ ആ നോട്ടം. അത് മതിയായിരുന്നു അവര്‍ക്ക്. രാഹുലും കാര്‍ത്തികും ആ കുടുംബത്തിനുള്ള ഭക്ഷണം എത്തിക്കുന്ന ചുമതല സ്വയമേറ്റെടുത്തു. പറക്കമുറ്റി സ്വന്തം ചിറകുകളില്‍ ആകാശത്തിലൂടെ എന്ന് അവന്‍ പറന്നു പോകുമോ അതുവരെ തങ്ങള്‍ അവനുള്ള ഭക്ഷണമെത്തിക്കുമെന്ന ദൃഢനിശ്ചയത്തോടെ.... മനുഷ്യനും പക്ഷിമൃഗാതികളും രണ്ടല്ല, ഒന്നാണെന്ന പ്രാപഞ്ചിക സത്യത്തിന്റെ പ്രത്യക്ഷതെളിവുകളായി....
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam