ആശുപത്രിക്ക് ആദരാഞ്ജലികള്‍; ഫ്ലക്സ് ബോര്‍ഡുമായി പ്രദേശവാസികള്‍

By Web DeskFirst Published Jan 7, 2018, 12:12 PM IST
Highlights

ഇടുക്കി: രാജാക്കാട് മുല്ലക്കാനം സി.എച്ച്.സിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. ഐപി വാര്‍ഡും ലബോറട്ടറിയും അടച്ചുപൂട്ടി. ഇതോടെ ആശുപത്രിക്ക് ആദരാഞ്ചലി അര്‍പ്പിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ നിരത്തിയിരിക്കുകയാണ് പ്രദേശവാസികള്‍. 2008 ലാണ് ആശുപത്രിയെ സാമൂഹ്യ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ചത്. ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണില്‍ മാറ്റം വരുത്താത്തതാണ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകാനുള്ള കാരണം.

ആവശ്യത്തിന് ഡോക്ടര്‍മാരും, ജീവനക്കാരുമില്ലാത്തതാണ് ഐപി വാര്‍ഡിന്റെയും ലാബിന്‍റെയും പ്രവര്‍ത്തനം നിലയ്ക്കുവാന്‍ കാരണം. അഞ്ച് പഞ്ചായത്തുകളിലെ 1000 കണക്കിന് വരുന്ന തോട്ടം തൊഴിലാളികള്‍ അടക്കമുള്ളവര്‍ ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ രാഷ്ട്രീയ സാംസ്ക്കാരിക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 മുല്ലക്കാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെവന്‍സ് ഓട്ടോ എസ്.എച്ച്.ജി ആശുപത്രിക്ക് മുമ്പില്‍ ഉപവാസം നടത്തുകയും വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇത്രയൊക്ക ചെയ്തിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഇല്ലാതെ വന്നതോടെയാണ് ആശുപത്രിക്ക് ആദരാഞ്ചലികള്‍ അര്‍പ്പിച്ച് കൊണ്ട് മുല്ലക്കാനം  ടൗണില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയത്. 

വീടുകള്‍ കയറി പ്രചരണം നടത്തി ബഹുജനങ്ങളെ സംഘടിപ്പിച്ച് വലിയ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സെവന്‍സ് ഓട്ടോ എസ്.എച്ച്. ജി ഭാരവാഹികള്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ ഉന്നമനത്തിന് വേണ്ടി ഭരണസമതി പ്രവര്‍ത്തിക്കുന്നില്ലെന്നും രാഷ്ട്രീയ പകപോക്കലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുവാന്‍ കാരണമെന്നും ആരോപണം ഉയരുന്നുണ്ട്. 


 

click me!