പയ്യന്നൂരിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തു

By Web DeskFirst Published Jul 13, 2016, 4:32 PM IST
Highlights

പയ്യന്നൂരിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇരട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നാലെ  വീടും വാഹനങ്ങളും തകര്‍ത്ത് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് സൂചന.  ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസുകള്‍ അന്വേഷിക്കുന്നത്.  അതേസമയം കൊലപാതകങ്ങളെച്ചൊല്ലി സിപിഎം- -ബിജെപി വാക്പോര് മുറുകുകയാണ്.

സംഘര്‍ഷമുണ്ടായ ഇടങ്ങളില്‍ ഡി‍ജിപിയുടെ സന്ദര്‍ശനത്തിന് പിന്നാലെ, സംശയമുള്ള ആളുകളെ ചോദ്യം ചെയ്യുന്നതോടൊപ്പം സംശയമുള്ള സ്ഥലങ്ങളിലും വീടുകളിലും പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.  മുമ്പ് രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു. അതേസമയം സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  സിപിഎം പ്രവര്‍ത്തകന്റെ കൊലയ്‌ക്ക് പിന്നാലെ വ്യാപകമായി നടന്ന അക്രമസംഭവങ്ങളില്‍ പങ്കുള്ളവരാണ് ഇവരെന്നാണ് വിവരം. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇരു കൊലപാതകങ്ങളും വീട്ടില്‍ കയറിയുള്ള ആക്രമണമായിരുന്നതിനാല്‍ കണ്ടാല്‍ അറിയാവുന്നവരടക്കമുള്ളവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊലയ്‌ക്ക് സാക്ഷികളായ കുടുംബങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കൊലപാതകങ്ങളെ ചൊല്ലിയുള്ള രാഷ്‌ട്രീയ വിവാദങ്ങള്‍ തുടരുകയാണ്. സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ പ്രകോപനമാണ് പിന്നീടുള്ള സംഭവങ്ങള്‍ക്ക് കാരണമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയെ പിന്തുണച്ച് സിപിഎം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.

അതേസമയം മൂന്ന് വര്‍ഷം മുന്‍പ് പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിലെ സാക്ഷിയായിരുന്ന ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ മുന്‍വൈരാഗ്യം വെച്ച് കരുതിക്കട്ടി കൊലപ്പെടുത്തിയതാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

അനിഷ്‌ടസംഭവങ്ങളൊഴിവാക്കാന്‍ പയ്യന്നൂര്‍ രാമന്തളി, കുന്നരു, അന്നൂര്‍ പ്രദേശങ്ങളില്‍ പൊലീസ് ജാഗ്രത തുടരുകയാണ്.

click me!