
കൊല്ലം: കൊല്ലം ചവറയില്‍ സിപിഎം എസ്‍ഡിപിഐ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. ഇരു പാര്‍ട്ടികളുടെയും ജാഥകള്‍ ഒരേ ദിശയില്‍ കടത്തിവിട്ടതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. ജാഥയ്ക്ക് ആവശ്യത്തിന് പൊലീസുകാരെ നിയോഗിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിന് സമീപം സംഘര്‍ഷമുണ്ടാകുന്നത്. സിപിഎം ചവറ ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള റെഡ് വൊളണ്ടിയര്‍ മാര്‍ച്ച് ഒരു വശത്ത് കൂടി നടക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത ഈ മാര്‍ച്ച് കടന്നു പോകുമ്പോള്‍ തന്നെ എസ്‍ഡിപിഐയുടെ ജാഥയും എത്തി. ഇരു ജാഥകളും ഒരേ ദിശയില്‍ എത്തിയപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.
പിന്നീട് ഉന്തും തള്ളും വലിയ സംഘര്‍ഷമായി മാറി. ജാഥകള്‍ നടത്താൻ ഒരേ സമയം പൊലീസ് അനുവാദം കൊടുത്തതാണ് സംഘര്‍ഷമുണ്ടാകാൻ കാരണമെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. റെഡ് വൊളണ്ടിയര്‍ മാര്‍ച്ചിലും എസ്‍ഡിപിഐയുടെ ബഹുജൻ ജാഥയിലും വൻ ജന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഇവരെ നിയന്ത്രിക്കാൻ ആകെയുണ്ടായിരുന്നത് ചവറ, കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ മാത്രം. സംഘര്‍ഷത്തില്‍ ഇരുന്നൂറിലധികം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലിസിനുണ്ടായ വീഴ്ച സംബന്ധിച്ച് കൊല്ലം, കരുനാഗപ്പള്ളി എസ്പിയ്ക്ക് വിശദീകരണം നല്‍കാൻ സിറ്റി പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam