
പാറ്റ്‌ന: ബീഹാറില്‍ നിതീഷ്‌കുമാറിന്റെ ജെഡിയുവിനും ബിജെപിക്കുമിടയിലെ ഭിന്നത മറനീക്കി പുറത്തു വരുന്നു. മതസൗഹാര്‍ദ്ദം നിലനിറുത്താന്‍ എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് ജെഡിയു വ്യക്തമാക്കി.
ബീഹാര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളുമായി രംഗത്തു വന്നിരുന്നു. ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ ചില മേഖലകളില്‍ സംഘര്‍ഷത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ജെഡിയു-ബിജെപി സഖ്യത്തില്‍ വിള്ളല്‍ പ്രകടമാകുന്നത്.
ഒരു കാരണവശാലും സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ജെഡിയു വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്. വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള പ്രസ്താവനകള്‍ ബിജെപിയുടെ പൊതുനയം അല്ലെന്നാണ് കരുതുന്നതെന്ന് നീതീഷ്‌കുമാറും ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും ഇതിന് എന്ത് വിലയും നല്കാന്‍ തയ്യാറാണെന്നും ജെഡിയു വക്താവ് ശ്യാം രജക് വ്യക്തമാക്കിയത് ബിജെപിക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ബി.ജെ.പിക്കെതിരെ വിശാലപ്രതിപക്ഷഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ മറുവശത്ത് സജീവമായിട്ടുണ്ട്. പ്രതിപക്ഷഐക്യം ലക്ഷ്യമിട്ടുള്ള തന്റെ മൂന്നു ദിവസത്തെ ദില്ലി ദൗത്യം കഴിഞ്ഞ് മടങ്ങിയ മമതാ ബാനര്‍ജി നീക്കം ഫലം കാണുന്നുണ്ടെന്ന് അവകാശപ്പെട്ടു. ഏപ്രില്‍ പത്തിന് ചെന്നെയിലെത്തി എം കരുണാനിധിയെ സന്ദര്‍ശിക്കുന്ന മമത അന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റെ സ്റ്റാലിനുമായി ചര്‍ച്ച നടത്തും.
എന്‍ഡിഎയില്‍ നിന്നും ടിഡിപി പുറത്തു വന്ന ശേഷം ഇതാദ്യമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിങ്കളാഴ്ച ദില്ലിയിലെത്തുന്നുണ്ട്. പ്രാദേശിക നേതാക്കളുടെ നീക്കം ഒരുവശത്ത് തുടരുമ്പോഴും പ്രതിപക്ഷനിര എങ്ങനെ ഉരുത്തുരിയുമെന്ന് അടുത്തവര്‍ഷം ആദ്യമേ വ്യക്തമാകൂ എന്നാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ നല്കുന്ന സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam