തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ടതിനെ തുടർന്നായിരുന്നു പുറത്താക്കൽ.  

കൊൽക്കത്ത : മുർഷിദാബാദിൽ ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. 'ജനതാ ഉന്നയൻ പാർട്ടി' എന്നാണ് പുതിയ പാർട്ടിയുടെ പേര്. പശ്ചിമ ബംഗാളിലെ ഭരത്പൂർ എംഎൽഎയായ ഹുമയൂൺ കബീർ മുർഷിദാബാദിലെ ബെൽഡംഗയിൽ നടന്ന പൊതുസമ്മേളനത്തിലാണ് തന്റെ പുതിയ പാർട്ടിയായ 'ജനതാ ഉന്നയൻ പാർട്ടി' പ്രഖ്യാപിച്ചത്. 2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാവുകയാണ് പാർട്ടിയുടെ ലക്ഷ്യം. മുർഷിദാബാദിൽ തൃണമൂൽ കോൺഗ്രസിനെ പൂർണ്ണമായും പരാജയപ്പെടുത്തുമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ 6-ന് മുർഷിദാബാദിൽ ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളിക്ക് അദ്ദേഹം തറക്കല്ലിട്ടിരുന്നു. വർഗീയ രാഷ്ട്രീയം കളിക്കുന്നു എന്ന് ആരോപിച്ച് ഇതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. തെരഞ്ഞെടുപ്പിൽ തന്റെ ലക്ഷ്യം മമതയും ബിജെപിയുമായിരിക്കുമെന്ന നിലപാടിലാണ് അദ്ദേഹം. പിന്നാലെ മുഖ്യമന്ത്രി മമത ബാനർജിക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സാധാരണക്കാർക്കും മുസ്ലീം വിഭാഗത്തിനും മമത അപ്രാപ്യയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പിൽ 100-ഓളം സീറ്റുകളിൽ പാർട്ടി മത്സരിക്കുമെന്നും താൻ റെജിനഗർ, ബെൽഡംഗ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുമെന്നും കബീർ അറിയിച്ചു. ഹുമായൂൺ കബീറിന്റെ ഈ നീക്കം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ മുസ്ലീം വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കിയേക്കും. അദ്ദേഹം ബിജെപിയുടെ ബി-ടീം ആയി പ്രവർത്തിക്കുകയാണെന്ന് തൃണമൂൽ നേതൃത്വം ആരോപിച്ചു.