കോടതിയിലെ നിലപാട് മാറ്റം അറിഞ്ഞില്ല, ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടി പ്രസിഡന്‍റ്

By Web TeamFirst Published Feb 7, 2019, 1:18 PM IST
Highlights

ശബരിമല യുവതീപ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയ സംഭവത്തെ ചൊല്ലി അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. പ്രതിഷേധം ഭയന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.പത്മകുമാര്‍ ഔദ്യോഗിക കാറില്‍ നിന്നും ബോര്‍ഡ് എടുത്തുമാറ്റി.

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയ സംഭവത്തെ ചൊല്ലി അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. സുപ്രീംകോടതിയില്‍ ബുധനാഴ്ചച നടന്ന വാദത്തിനിടെ യുവതീപ്രവേശനത്തെ ദേവസ്വം അഭിഭാഷകന്‍ അനുകൂലിച്ച് സംസാരിച്ചതിനെക്കുറിച്ച് ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവിനോട് വിശദീകരണം നല്‍കാന്‍ പ്രസിഡന്‍റ് എന്‍.പത്മകുമാര്‍ ആവശ്യപ്പെട്ടു. 

 സാവകാശ ഹര്‍ജി അവതരിപ്പിച്ചു കൊണ്ട് യുവതീപ്രവേശനം നീട്ടിവയ്ക്കുകയും അതുവഴി നിലവിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കാന്‍ ശ്രമിക്കുകയുമായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ ലക്ഷ്യം. എന്നാല്‍ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ ദേവസ്വം ബോര്‍ഡ് കോടതിയില്‍ ശക്തമായി പിന്താങ്ങിയതോടെ ഇതിനുള്ള സാധ്യതകള്‍ ഇല്ലാതായി. സാവകാശ ഹര്‍ജിയെപ്പറ്റി പരാമര്‍ശിക്കുക കൂടി ചെയ്യാതെ യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിച്ച ദേവസ്വം അഭിഭാഷകനെ ആരാണ് അതിനെ ചുമതലപ്പെടുത്തിയതെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.പത്മകുമാറിന്‍റെ ചോദ്യം.

ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് മാറ്റത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് ഇതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് പ്രസിഡന്‍റ് എന്‍.പത്മകുമാര്‍ പറയുന്നത്. ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവാണ് ദില്ലിയില്‍ ക്യാംപ് ചെയ്ത്  ദേവസ്വം അഭിഭാഷകനുമായി ചര്‍ച്ചകള്‍ നടത്തിയത്. ഈ സാഹചര്യത്തിലാണ് ദേവസ്വം കമ്മീഷണറോട് ബോര്‍ഡ് പ്രസിഡന്‍റ് വിശദീകരണം തേടിയത്. 'സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി കൊടുക്കാനാണ് ആവശ്യപ്പെട്ടത്. പിന്നെ എന്താണ് സംഭവിച്ചത് എന്നത് ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ട് പ്രതികരിക്കാം'' - ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവേ പത്മകുമാര്‍ പറഞ്ഞു.

 സാവകാശ ഹര്‍ജിയെ കുറിച്ച് യാതൊരു പരാമര്‍ശവും സുപ്രീംകോടതിയില്‍ നടത്താത് ആണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷനെ അസ്വസ്ഥതപ്പെടുത്തുന്നത്. ദേവസ്വം ബോര്‍ഡ് വിശ്വാസികളെ വഞ്ചിച്ചുവെന്ന രീതിയില്‍ വരുന്ന വിമര്‍ശനങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അതൃപ്തനാണ്. ഇന്ന് കോട്ടയം ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ ചടങ്ങില്‍ പങ്കെടുക്കേണ്ട അദ്ദേഹം പ്രതിഷേധമുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് അങ്ങോട്ടുള്ള യാത്ര മാറ്റിവച്ചിരുന്നു. വിശ്വാസികളുടെ വിമര്‍ശനത്തിന്‍റെ കേന്ദ്രബിന്ദുവായി മാറുന്ന അവസ്ഥ ബോര്‍ഡ് പ്രസിഡന്‍റിനെ അലോസരപ്പെടുത്തുന്നുണ്ട്. യുവതീപ്രവേശന വിഷയത്തിലെ എന്‍.പത്മകുമാറിന്‍റെ നിലപാടുകളില്‍ സര്‍ക്കാരിന് കടുത്ത അതൃപ്ചതിയുണ്ടെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. 

അതേസമയം, സുപ്രീകോടതിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കേണ്ട നിലപാടിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായെന്നാണ് സൂചന. ദില്ലിയിലുണ്ടായിരുന്ന ദേവസ്വംബോര്‍ഡ് കമ്മീഷണറാണ് കോടതിയില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച വിവരങ്ങള്‍ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തില്‍ സജീവമായി ഇടപെട്ടു എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് മാറ്റത്തിന് പിന്നാലെ പ്രതിഷേധം ഭയന്ന് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ ചടങ്ങുകളില്‍ നിന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും മെംബര്‍മാരും വിട്ടു നിന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.പത്മകുമാര്‍ ഔദ്യോഗിക കാറില്‍ നിന്നും ബോര്‍ഡ് എടുത്തുമാറ്റിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. 

click me!