കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെതിരെ 650 കോടിയുടെ വായ്പാ തട്ടിപ്പ് ആരോപണം

By Web DeskFirst Published Apr 4, 2018, 6:34 PM IST
Highlights

പിയൂഷ് ഗോയല്‍ ഡയറക്ടറായിരുന്ന മഹാരാഷ്‌ട്രയിലെ കമ്പനി 650 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

ദില്ലി: കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെതിരെ സാമ്പത്തിക തിരിമറി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പിയൂഷ് ഗോയല്‍ ഡയറക്ടറായിരുന്ന മഹാരാഷ്‌ട്രയിലെ കമ്പനി 650 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പിയൂഷ് ഗോയലിനെ ഉടന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു.

കേന്ദ്ര മന്ത്രിയാകുന്നതിന് മുമ്പ് പിയൂഷ് യോയല്‍ ചെയര്‍മാനായിരുന്ന ശ്രിദി ഇന്‍ഡസ്ട്രീസ് എന്ന കമ്പനി 2008-2010 കാലയളവില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 258 കോടി രൂപ വായ്പ എടുത്തിരുന്നു. പലിശ സഹിതം കമ്പനി 651 കോടി രൂപയാണ് തിരിച്ചടക്കേണ്ടിയിരുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പിയൂഷ് ഗോയല്‍ ഒഴിഞ്ഞു. ഇതിന് പിന്നാലെ ഈ കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ച് ദേശീയ കമ്പനി ട്രൈബ്യൂണല്‍ വായ്പ 228 കോടി രൂപയായി വെട്ടിക്കുറച്ചു. പിയൂഷ് ഗോയല്‍ കേന്ദ്ര മന്ത്രിയായ ശേഷമാണ് ഈ വായ്പാ ഇളവ് നല്‍കിയതെന്നും ഇതിന് പിന്നില്‍ വഴിവിട്ട ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

പാപ്പരെന്ന് പ്രഖ്യാപിച്ച കമ്പനിയുടെ സഹോദര സ്ഥാപനമായ അസിസ് ഇന്‍ഡ്സ്ട്രീസ് എന്ന കമ്പനി ഇതേ കാലയളവില്‍ 1.59 കോടി രൂപ പിയൂഷ് ഗോയലിന്‍റെ ഭാര്യ സീമ ഗോയലിന്റെ  ഉടമസ്ഥതയിലുള്ള ഇന്റര്‍കോണ്‍ അഡ്വൈസേഴ്‌സ് എന്ന കമ്പനിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ കമ്പനിയുടെ ‍ഡയറക്ടര്‍ കൂടിയായിരുന്നു പിയൂഷ് ഗോയല്‍. വായ്പാ തട്ടിപ്പിനൊപ്പം വലിയ അഴിമതി തന്നെയാണ് നടന്നിരിക്കുന്നതെന്നും പിയൂഷ് ഗോയലിനെ ഉടന്‍ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റവും അടുപ്പമുള്ള മന്ത്രിമാരില്‍ ഒരാളാണ് പിയൂഷ് ഗോയല്‍. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദിക്ക് വേണ്ടി പ്രചാരണ പരിപാടികള്‍ ഏകോപിച്ചത് പിയൂഷ് ഗോയലായിരുന്നു. അതുകൊണ്ട് തന്നെ പിയൂഷ് ഗോയലിനെതിരെയുള്ള ആരോപണം പ്രധാനമന്ത്രിക്കെതിരെ തന്നെ പ്രതിപക്ഷ പാര്‍ടികള്‍ ആയുധമാക്കുകയാണ്.

 

click me!