അടവുകളുമായി അമിത് ഷാ ഗുജറാത്തില്‍ ക്യാമ്പ് ചെയ്യുന്നു; കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി ഇന്ന്

By Web DeskFirst Published Oct 24, 2017, 10:06 AM IST
Highlights

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള സ്ക്രീനിങ് കമ്മറ്റിയോഗം ഇന്ന് ദില്ലിയില്‍ നടക്കും. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വരുന്ന നാല് ദിവസം ഗുജറാത്തില്‍ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കും. അതിനിടെ ഇന്റലിജന്‍സ് ബ്യൂറോയെ ഉപയോഗിച്ച് ബി.ജെ.പി തങ്ങളെ നിരീക്ഷിക്കുകയാണന്ന ആരോപണവുമായി ഗുജറാത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ളോട്ട് രംഗത്തെത്തി. 

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്തും മുന്‍പെ പോര്‍ക്കളം ഉണര്‍ന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് നീങ്ങി. ഇന്ന് നടക്കുന്ന സ്ക്രീനിങ് കമ്മറ്റി യോഗത്തിനായി സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം ദില്ലിയിലാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേര് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കിയുടെതാണ്. പട്ടേല്‍, ഒ.ബി.സി, ദളിത് നേതാക്കളെയെല്ലാം അണിനിരത്തിയുള്ളരൊരു വിശാല സഖ്യത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇന്നലെ രാഹുല്‍ ഗാന്ധിയുമായി ഹാര്‍ദിക് പട്ടേല്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും തന്റെ നീക്കമെന്താണെന്ന് ഹാര്‍ദിക് ഇതുവരെ മനസു തുറന്നിട്ടില്ല. ഒരുപാര്‍ട്ടിയിലും ചേരില്ലെന്നു വ്യക്തമാക്കിയ ദളിത് നേതാവ് ജിഗ്നേഷ് മേവാനി ബി.ജെ.പിയെ പരാജയപ്പെടുത്താനായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രതികരിച്ചു. 

അതേസമയം സംസ്ഥാനത്ത് 150ലധികം സീറ്റ് നേടി ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഈമാസം 27വരെ ഗുജറാത്തില്‍ തന്നെ ക്യാമ്പ് ചെയ്യും. പട്ടേല്‍ നേതാവ് നരേന്ദ്ര പട്ടേലിന് ഒരുകോടി നല്‍കിയെന്ന ആരോപണം ബി.ജെ.പിക്ക് തിരിച്ചടിയാണെങ്കിലും തെളിവുകാണിക്കാന്‍ വെല്ലുവിളിച്ചാണ് പാര്‍ട്ടി പ്രതിരോധം തീര്‍ത്തുന്നത്. ഇതിനിടെ താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ ഐ.ബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് വ്യക്തമാക്കിയ ഗുജറാത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു. പൊലീസിനെയും ഐബിയെയും ഉപയോഗിച്ച് ബിജെപി തങ്ങളെ നിരീക്ഷിക്കുയാണെന്ന്  ഗെഹ്ളോട്ട് പറഞ്ഞു. ഹാര്‍ദിക് പട്ടേലും ജിഗ്നേഷ് മെവാനിയും തന്നെ കാണാന്‍ വന്നിരുന്നെന്നും കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവര്‍ കുറ്റവാളികളോ ഒളിവില്‍പോയവരോ അല്ലെന്നും ഗെഹ്ളോട്ട് വ്യക്തമാക്കി.

click me!