കോൺഗ്രസിന്‍റെ കയ്യിലും മുസ്ലിംകളുടെ രക്തം പുരണ്ടിട്ടുണ്ടെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

By Web DeskFirst Published Apr 24, 2018, 6:48 PM IST
Highlights
  • കോൺഗ്രസിന്‍റെ കൈകളിൽ രക്തക്കറയുണ്ട്
  • വിവാദ പരാമര്‍ശവുമായി സൽമാൻ ഖുര്‍ഷിദ്
  • ഖുര്‍ഷിദിനെ തള്ളി കോൺഗ്രസ്

ലക്നൗ: വര്‍ഗീയ കലാപങ്ങളിൽ കോൺഗ്രസിന്‍റെ കയ്യിലും മുസ്ലിംകളുടെ രക്തം പുരണ്ടിട്ടുണ്ടെന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുര്‍ഷിദിന്‍റെ പരാമര്‍ശം വിവാദത്തിൽ. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ പരിപാടിയിൽ വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടിയായാണ് ഖുര്‍ഷിദിന്‍റെ പ്രതികരണം.  അതേസമയം സൽമാൻ ഖുര്‍ഷിദിന്‍റെ പരാമര്‍ശം കോൺഗ്രസ് തള്ളി.

ബാബറി മസ്ജ‍ിദ് തകര്‍ത്തപ്പോഴും മുസാഫര്‍ നഗറിലും ഹാഷിംപുരയിലുമൊക്കെ കലാപങ്ങളുണ്ടായപ്പോൾ കോൺഗ്രസാണ് കേന്ദ്രം ഭരിച്ചിരുന്നതെന്നും മുസ്ലിംകളുടെ രക്തച്ചൊരിച്ചിലിൽ കോൺഗ്രസിനും പങ്കില്ലേയെന്നുമായിരുന്നു അലിഗഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ചോദ്യം. കോൺഗ്രസിന്‍റെ കയ്യിലും രക്തം പുരണ്ടിട്ടുണ്ടെന്നും ചരിത്രത്തിൽ നിന്ന് ചിലത് പഠിക്കാനുണ്ടെന്നും ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു സൽമാൻ ഖുര്‍ഷിദിന്‍റെ മറുപടി

ഒരു സാധാരണ മനുഷ്യനെന്ന നിലയിലുള്ള പ്രതികരണമാണ് നടത്തിയതെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്‍റെ പിന്നീടുള്ള വിശദീകരണം. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിയെ പിന്തിരിപ്പിക്കാനും സംഘാടകരായ വിദ്യാര്‍ത്ഥികൾ ശ്രമിച്ചു.  സ്വാതന്ത്ര്യത്തിന് മുന്പും പിൻപും സമത്വാധിഷ്ടിത പാത പിന്തുടരുന്ന പാര്‍ട്ടിയാണ് കോൺഗ്രസെന്നും ഖുര്‍ഷിദിന്‍റെ പരാമര്‍ശം പൂര്‍ണമായും തള്ളുകയാണെന്നും  കോൺഗ്രസ് വ്യക്തമാക്കി. മുസ്ലിംകളുടേത് മാത്രമല്ല സിഖുകാരുടേയും രക്തക്കറയിൽ മുങ്ങിയതാണ് കോൺഗ്രസിന്‍റെ കൈകളെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. 


 

click me!