
ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ കോൺഗ്രസും ജെഡിഎസും തങ്ങളുടെ എംഎൽഎമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റി. ഇന്നലെ രാത്രി ബെംഗളൂരുവിലെ റിസോർട്ടിൽ നിന്ന് രണ്ട് സംഘങ്ങളായി പുറപ്പെട്ട കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ ഇപ്പോൾ ആന്ധ്രാപ്രദേശിലെത്തിയെന്നാണ് പുറത്തു വരുന്ന വിവരം.
നേരത്തെ എംഎൽഎമാർ കേരളത്തിലേക്ക് പോകുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. കൊച്ചിയിലെ സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലിൽ നൂറോളം മുറികൾ ഇതിനായി ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള ചാർട്ടേഡ് വിമാനത്തിന് യാത്ര അനുമതി ലഭിക്കാതെ വന്നതോടെ ഇൗ നീക്കം കോൺഗ്രസും ജെഡിഎസും ഉപേക്ഷിച്ചു.
എംഎൽഎമാർ ബെംഗളൂരുവിൽ തന്നെ തുടരുമെന്നായിരുന്നു രാത്രി വരെ കരുതിയതെങ്കിലും പത്ത് മണിയോടെ ബസുകളിൽ ഇവരെ പുറത്തേക്ക് കൊണ്ടു വരികയും, ബസുകൾ ബെംഗളൂരു-ഹൈദരാബാദ് ഹൈവേയിൽ പ്രവേശിക്കുകയും ചെയ്തു. ഇന്ന് പുലർച്ചയോടെ ആന്ധ്രയിൽ പ്രവേശിച്ച ഇൗ ബസുകൾ അൽപസമയം മുൻപ് ഹൈദരാബാദിലെ ഒരു റിസോർട്ടിലെത്തിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. അതേസമയം കോൺഗ്രസിന്റെ രണ്ട് എംഎൽഎമാർ ബസിൽ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മുൻബിജെപി മന്ത്രിയും ഇക്കുറി കോൺഗ്രസ് സീറ്റിൽ മത്സരിച്ചു ജയിക്കുകയും ചെയ്ത ആനന്ദ് സിംഗ് എവിടെയാണെന്ന് ഇതുവരെ ആർക്കും അറിയില്ല. റെഡ്ഡി സഹോദരങ്ങളുടെ അടുത്ത ആളായി അറിയപ്പെടുന്ന ഇയാൾക്ക് മേൽ ബിജെപി കടുത്ത സമ്മർദ്ദം ചെലുത്തുന്നതായി ജെഡിഎസ് നേതാവ് കുമാരസ്വാമി നേരത്തെ ആരോപിച്ചിരുന്നു.ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേ ഇയാളെ ബിജെപിക്കാർ തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നുണ്ട്.
ഇയാളെ കൂടാതെ കോൺഗ്രസിന്റെ രണ്ട് എംഎൽഎമാരെ കൂടി ബസിൽ കാണാനില്ലെന്നാണ് വിവരം. പ്രതാപ് ഗൗഡ പാട്ടീല്‍,ദിനേശ് ഗുണ്ടറാവു എന്നിവരാണിത്. എന്നാൽ പാട്ടീൽ ചികിത്സാ ആവശ്യത്തിനായി ബെംഗളൂരുവിൽ തുടരുന്നുണ്ടെന്നാണ് വിവരം. കർണാടക പിസിസി വർക്കിംഗ് പ്രസിഡന്റായ ദിനേശ് ഗുണ്ടാറാവു തുടർനീക്കങ്ങൾ ആസൂത്രണം ചെയ്യാൻ ബെംഗളൂരുവിൽ തുടരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam