
കണ്ണൂര്‍: മണൽക്കടത്ത് തടയാനുള്ള ശ്രമത്തിനിടെ കണ്ണൂർ പരിയാരത്ത് മണൽമാഫിയ സംഘം തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ സർക്കാരിൽ നിന്ന് നീതി തേടുന്നു. ഭക്ഷണം പോലും കഴിക്കാനാകാതെ മൂന്നു വർഷമായി നരകയാതന അനുഭവിക്കുമ്പോഴും കേസിൽ പ്രധാന പ്രതികളിൽ ഒരാളെ ഇനിയും പിടികൂടിയിട്ടില്ല. തകർന്ന ശരീരവുമായി ഈ മാസം സർവ്വീസിൽ നിന്ന് വിരമിക്കാനിരിക്കെ കുടുംബത്തെ സഹായിക്കണമെന്ന് മാത്രമാണ് ഈ പൊലീസുകാരൻ സർക്കാരിനോട് അപേക്ഷിക്കുന്നത്.
രാജൻ എസ്.ഐ മൂന്ന് വർഷമായി യൂണിഫോമണിഞ്ഞിട്ട്. യൂണിഫോം മാത്രമല്ല, ഭക്ഷണം കഴിച്ചിട്ടും, ശരിയാംവിധം സംസാരിച്ചിട്ടും നേരെ എഴുന്നേറ്റ് നടന്നിട്ടുമെല്ലാം മൂന്നു വർഷം. 2015 മെയ് മാസത്തിൽ പുലർച്ചെയാണ് മണൽക്കടത്ത് ലോറിക്ക് കൈകാണിച്ച രാജനെ ലോറിക്കുള്ളിൽ വലിച്ചിട്ട്, ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ജാക്കിലിവർ കൊണ്ട് സംഘം തലക്കടിച്ച് വീഴ്ത്തുന്നത്.
മരിച്ചുവെന്ന് കരുതി മണൽക്കടത്തുകാർ രക്ഷപ്പെട്ടു. തൊഴിലിനെ സ്നേഹിച്ച ഓഫീസർക്ക് ജീവിതം പിന്നെ പഴയപോലെയായില്ല. തലയോട്ടി തകർന്ന്, ശരീരം വലതുവശം തളർന്നു. ഭക്ഷണം കുഴലിലൂടെ മാത്രം. സംസാരിക്കാനാവില്ല. ചികിത്സാഭാരം വേറെ. മണൽക്കടത്തുകാരിൽ നിന്ന് മാസപ്പടി വാങ്ങി റെയ്ഡ് വിവരങ്ങൾ ചോർത്തി നൽകിയവർ സ്വന്തം സ്റ്റേഷനിൽ ഉണ്ടായിരിക്കെയാണ് രാജൻ എസ്.ഐ ചതിയറിയാതെ സ്വന്തം ജീവിതം നൽകിയത്.
പിടിയിലായ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരെല്ലാം ജാമ്യത്തിലിറങ്ങി. ഹക്കീം എന്ന പ്രധാന പ്രതിയെ ഇനിയും പിടികൂടിയിട്ടുമില്ല. രണ്ട് പേർ വിദേശത്ത്. മുപ്പതിന് വിരമിക്കാനിരിക്കെ ഈ പൊലീസുകാരന് ഒറ്റയപേക്ഷ മാത്രം. മകന് ഒരു ജോലി വേണം. കുടുംബത്തിന്‍റെ ഭാരം താങ്ങാൻ തയാറായി നിൽക്കുന്ന മകനും ആ പ്രതീക്ഷയിലാണ്. നിയമം നടപ്പാക്കിക്കിട്ടുന്നത് വൈകുമ്പോൾ മറ്റൊന്നുമില്ലെങ്കിലും സത്യസന്ധനായ ഒരു ഓഫീസർ ഇത്രയെങ്കിലും അർഹിക്കുന്നുണ്ട്. വിരമിക്കുന്ന നാളിലെങ്കിലും ആ അറിയിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയോടെ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam