കാസര്‍കോട് കൊലപാതകം: വീട്ടുകാരെ ആശ്വസിപ്പിക്കാനാവാതെ പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളിയും ചെന്നിത്തലയും

By Web TeamFirst Published Feb 18, 2019, 3:52 PM IST
Highlights

ക്യപേഷിന്റെയും ശരത്ത് ലാലിന്റെയും വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് നേതാക്കള്‍ വികാരാധീനരായത്.  പൊട്ടിക്കരയുന്ന രക്ഷിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ കെ പി സി സി  പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിങ്ങിക്കരയുകയായിരുന്നു. 

കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും.  ക്യപേഷിന്റെയും ശരത്ത് ലാലിന്റെയും വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് നേതാക്കള്‍ വികാരാധീനരായത്.  പൊട്ടിക്കരയുന്ന രക്ഷിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ കെ പി സി സി  പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിങ്ങിക്കരയുകയായിരുന്നു.  മുല്ലപ്പള്ളി രാമചന്ദ്രന്‍, രാജ് മോഹന്‍ ഉണ്ണിത്താനും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. കൊലപാതകം നടത്തിയിട്ട് കയ്യൊഴിയുന്നത് സി.പി.എമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.  മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

അതേസമയം ക്യപേഷിന്റെയും ശരത്ത് ലാലിന്റെയും മൃതദേഹങ്ങള്‍ പരിയാരത്തുനിന്ന് വിലാപയാത്രയായി കാസര്‍കോട് പെരിയയില്‍ എത്തിക്കും, ആറിടത്ത് പൊതുദര്‍ശനം ഉണ്ടാകും. പരിയാരം മെഡിക്കല്‍ കോളജിനുമുന്നില്‍ നൂറുകണക്കിനാളുകള്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ഇന്നലെ രാത്രി നടന്ന ആക്രമണത്തിലാണ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാസര്‍ഗോഡ് കൊല്ലപ്പെട്ടത്. അക്രമികളുടെ വെട്ടേറ്റ് ശരത് ലാലിന്റെ കാലിൽ ആഴത്തിലുള്ള 5 വെട്ടുകളിൽ അസ്ഥികൾ വരെ തകർന്നു.  കഴുത്തിനു ഇടത് ഭാഗത്ത് ആഴത്തിൽ വെട്ടേറ്റിരുന്നു.  രക്ഷപ്പെട്ട് ഓടിയ കൃപേഷിനെ നെറുകയിൽ ആണ് വെട്ടേറ്റത്. 11 സെന്റി മീറ്റർ ആഴവും 2 സെന്റിമീറ്റര്‍ വീതിയും ഉള്ള മുറിവാണ്  കൃപേഷിന്റെ മരണ കാരണമായത്.  

ക്രൂരമായ കൊലപാതകത്തിന്റെ ചിത്രം വ്യക്തമാക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.  ഇരുവരെയും വെട്ടി വീഴ്ത്തിയ സ്ഥലത്ത് വിരളടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പരിശോധന പൂർത്തിയാക്കി.  അതേ സമയം പ്രതികളെ കുറിച്ചു നിലവിൽ സൂചന ഇല്ല.  പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു ശക്തമായ നടപടി ഉത്തര മേഖല ഐ.ജി ഉറപ്പ് നൽകി. 

ഇരുവരെയും കൊല്ലും എന്നുറപ്പായ ഘട്ടത്തിൽ നഷ്ടപരിഹാരം വരെ നൽകി ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും സിപിഎം വഴങ്ങിയില്ലെന്നു ശരത് ലാലിന്റെ ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. കൃപേഷ് കൊല്ലപ്പെടുന്നത് ഒഴിവാക്കാനായി ഇനി അക്രമങ്ങളിൽ പെട്ടാൽ വീട്ടിൽ കയാട്ടില്ലെന്നു അച്ഛൻ കൃഷ്ണൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പിതാവ് വിശദമാക്കി. 

click me!