പി.ചിദംബരത്തെ രാജ്യസഭയിലെത്തിക്കും: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി

By Web DeskFirst Published May 29, 2016, 3:38 AM IST
Highlights

മഹാരാഷ്ട്രയില്‍ നിന്നാണ് പി ചിദംബരത്തെ കോണ്‍ഗ്രസ് രാജ്യസഭയിലേയ്ക്ക് മത്സരിപ്പിക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെ ഉത്തര്‍പ്രദേശില്‍ നിന്നും മുന്‍ കേന്ദ്രമന്ത്രി ജയ്റാം രമേശിനെ കര്‍ണാടകയില്‍ നിന്നും മത്സരിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. 

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബികാ സോണി, മുന്‍ കേന്ദ്രമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതാവ് ഛായാ വെര്‍മ, മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവ് വിവേക് തന്‍ഖ, ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതാവ് പ്രദീപ് തംത എന്നിവരും പട്ടികയിലുണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നേരിട്ടാണ് രാജ്യസഭയിലേയ്ക്കുള്ള നോമിനികളെ തീരുമാനിച്ചത്. 

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കാനായിരുന്നു പി ചിദംബരത്തിന്റെ തീരുമാനം. മകന്‍ കാര്‍ത്തി ചിദംബരം തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ചിദംബരത്തിനെതിരെ ബിജെപി ഇസ്രത്ത് ജഹാന്‍ കേസിലുള്‍പ്പെടെ ആരോപണമുന്നയിക്കുന്ന സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവിനെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. 

പി ചിദംബരത്തെ കര്‍ണാടകത്തില്‍ നിന്ന് രാജ്യസഭയിലെത്തിക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തു എന്നാണ് സൂചന. ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ കപില്‍ സിബലും, ജയ്‌റാം രമേശുമുള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിരോധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സതീഷ് മിശ്ര, അശോക് സിദ്ധാര്‍ത്ഥ് എന്നീ നേതാക്കളെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒഴിവിലേക്ക് മത്സരിപ്പിക്കാന്‍ ബിഎസ്പിയും തീരുമാനിച്ചിട്ടുണ്ട്.

click me!