
ദേവികുളം: സബ്കളക്ടറുടെ കയ്യേറ്റമൊഴിപ്പിക്കലിനെതിരെ സിപിഎം രംഗത്തു വന്നതോടെ സബ്കളക്ടറെ പിന്തുണച്ച് കോൺഗ്രസ്സ് രംഗത്തെത്തി. ഇതിൻറെ ഭാഗമായി സബ്കളക്ടർക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഇന്ന് മൂന്നാറിൽ കോൺഗ്രസ്സ് പ്രകടനവും പ്രതിഷേധ യോഗവും നടത്തും.
ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കാൻ എത്തിയ സബ്കളക്ടർ ഉൾപ്പെടെയുള്ളവരെ തടഞ്ഞിട്ടും പൊലീസ് നടപടി എടുക്കാത്തതാണ് കോൺഗ്രസ്സിനെ സമരരംഗത്തെത്താൻ പ്രേരിപ്പിച്ചത്. ഇടുക്കി ജില്ലയിലെ സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ദേവികുളം സബ്കളക്ടർ നടപടി സ്വീകരിച്ചാൽ പതിനായിരക്കണക്കിനു കോൺഗ്രസ്സ് പ്രവർത്തകരെ അണിനിരത്തി സുരക്ഷയൊരുക്കുമെന്നാണ് ഇടുക്കി ഡിസിസിയുടെ പ്രഖ്യാപനം.
പൊലീസിന്‍റെ സാന്നിധ്യത്തിൽ സബ്ക്ടറെ അസഭ്യം പറഞ്ഞ സിപിഎം നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ്സെടുക്കണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെടുന്നുണ്ട്. നിയമ സഭ പാസ്സാക്കിയ നിയമം നടപ്പാക്കിയ സബ്കളക്ടറുടെ നടപടി തെറ്റാണെന്ന എസ്.രാജേന്ദ്രൻ എംഎൽഎ യുടെ നിലപാട് പ്രതിഷേധാർഹമാണ്.
മൂന്നു മണിക്ക് മറയൂർ റോഡിൽ നിന്നും ആരംഭിക്കുന്ന പ്രകടനം ടൗണിലെ പാലത്തിനു സമീപം അവസാനിക്കും. അടുത്ത പടിയായി ചിന്നക്കനാൽ ഉൾപ്പെടെയുള്ള മേഖലകളിൽ സിപിഎം നേതാക്കൾ കയ്യേറിയ സർക്കാർ ഭൂമികളിലേക്ക് മാർച്ച് നടത്താനും കോൺഗ്രസ്സ് തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam