
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ്സിൽ അടിമുടിമാറ്റത്തിനായി പരസ്യകലാപം. ഗ്രൂപ്പ് നേതാക്കൾ ശൈലിമാറ്റണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു. ജംബോ കമ്മറ്റികൾ പിരിച്ചുവിട്ട് സംഘടന അഴിച്ചുപണിയണമെന്നാണ് കെഎസ്യു നിലപാട്.
അനുകൂല ഘടകങ്ങൾക്കിടയിലും ചെങ്ങന്നൂരിൽ മുഖം നഷ്ടമായ തോൽവിക്ക് ശേഷം കോൺഗ്രസ്സിൽ വീണ്ടും വലിയപോര്. ഗ്രൂപ്പ് നോക്കി എല്ലാം തീരുമാനിക്കുന്ന നേതാക്കൾക്കെതിരെ ആദ്യ വെടിപൊട്ടിച്ച് സുധീരൻ. എന്നാല്‍, നേതൃനിരയിലെ സമഗ്ര അഴിച്ചുപണിയാണ് യുവാക്കളുടെ ആവശ്യം. എ ഗ്രൂപ്പും ഐ ഗ്രൂപ്പും പരസ്പരം പഴി തുടങ്ങി. പ്രതിപക്ഷനേതാവാണ് എ ഗ്രൂപ്പിൻറെ ലക്ഷ്യം. ശൈലിമാറ്റമാണ് ഇപ്പോഴത്തെ ആവശ്യമെങ്കിലും അത് നേതൃമാറ്റത്തിലേക്ക് തന്നെ എത്തിക്കാനാണ് പടയൊരുക്കം.
എ ഗ്രൂപ്പ് സ്ഥാനാർത്ഥിയുടെ തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്നും ഉമ്മൻചാണ്ടിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് ഐ ഗ്രൂപ്പ് നിലപാട്. കെപിസിസി പ്രസിഡണ്ടിൻറെ ഇളക്കി പ്രതിഷ്ഠയും ഗ്രൂപ്പിൻറെ ആവശ്യമാണ്. പോര് മുറുകുന്നതിനിടെ 11ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയും 12ന് നേതൃയോഗവും വിളിച്ചു. ഹൈക്കമാൻഡിന് മുന്നിൽ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ടുള്ള പരാതി പ്രളയമാണ്. അടിയന്തിരമായ അഴിച്ചു പണി ദില്ലിയിൽ നിന്നുണ്ടാകുമെന്ന് ഉറപ്പാണ്. അല്ലെങ്കിൽ തർക്കം കൂടുതൽ പൊട്ടിത്തെറിയിലേക്ക് നീങ്ങും.