
ദില്ലി: ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയ രാജ്യസഭ അദ്ധ്യക്ഷന്‍റെ തീരുമാനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുന്നതിൽ കോണ്‍ഗ്രസിൽ അവ്യക്തത. ഭൂമിഭാഗം ജഡ്ജിമാരും നിയമവിദഗ്ധരുമൊക്കെ പ്രതിപക്ഷ നീക്കത്തോട് യോജിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയിൽ കേക്ക് വിതരണം നടന്നു.
മതിയായ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭ ചെയര്‍മാൻ വെങ്കയ്യനായിഡു ഇന്നലെ പ്രതിപക്ഷ പാര്‍ടികൾ ചീഫ് ജസ്റ്റിസിനെതിരെ നൽകിയ ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയത്. ഇത് ചോദ്യം ചെയ്ത് സുപ്രീകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാൽ സുപ്രീകോടതിയിൽ ഹര്‍ജി നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഫാലി എസ്. നരിമാനെ പോലുള്ള നിയമവിദഗ്ധരൊക്കെ ഇംപീച്ച്മെന്റ് നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് അനുകൂല അഭിഭാഷകരിൽ പലര്‍ക്കും എതിര്‍പ്പുണ്ട്. അതുകൊണ്ട് കൂടുതൽ ആലോചനകൾ നടത്തി മാത്രം ഹര്‍ജി നൽകിയാൽ മതിയെന്നാണ് കോണ്‍ഗ്രസിനകത്തെ ധാരണ. കോടതിയെ സമീപിക്കുകയാണെങ്കിൽ തന്നെ ഇംപീച്ച്മെന്‍റ് നോട്ടീസിൽ പ്രാഥമിക പരിശോധന പോലും നടത്തിയില്ല എന്ന നിയമപ്രശ്നമാകും കോണ്‍ഗ്രസ് ഉയര്‍ത്തുക. രാജ്യസഭ അദ്ധ്യക്ഷൻ വിവേചനാധികാരം ഉപയോഗിക്കാമെങ്കിലും അത് നിയമപരമായ പരിശോധനകൾക്ക് ശേഷമാകണം എന്ന് കോണ്‍ഗ്രസ് വാദിക്കുന്നു.
നോട്ടീസ് നൽകാൻ അംഗങ്ങളുടെ അവകാശത്തെ ചവിട്ടിമെതിക്കാൻ രാജ്യസഭ ചെയര്‍മാന് സാധിക്കില്ലെന്ന് ഇന്നലെ കപിൽ സിബൽ പറഞ്ഞിരുന്നു. ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയതിന് പിന്നാലെ ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാവിലെ നടന്ന ചായസൽക്കാരത്തിനിടെ എല്ലാ ജഡ്ജിമാര്‍ക്കും കേക്ക് വിതരണം ചെയ്തു. കേക്ക് എന്തിനാണ് വിതരണം ചെയ്തതെന്ന് ആരും പരസ്പരം ചോദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. പിന്നീട് ചീഫ് ജസ്റ്റിസ് കൊളീജിയത്തിലെ ജഡ്ജിമാരെ കണ്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam