
മലപ്പുറം/ തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി, കുറ്റപത്രം സമര്‍പ്പിച്ച സിബിഐ നടപടി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. കണ്ണൂരിലെ ആക്രമങ്ങളിൽ മുഖ്യമന്തി പിണറായി വിജയൻ അടക്കമുള്ള ഉന്നതർക്ക് പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സി പി എമ്മാണ് ഗുണ്ടാസംഘങ്ങളെ വളർത്തുന്നത്. ടി പി ചന്ദ്രശേഖരൻ വധകേസും സി ബി ഐ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സി ബി ഐ അന്വേഷിച്ചാൽ ടി പി വധക്കേസിലും ഉന്നത സി പി എം നേതാക്കൾ ഇരുമ്പഴിക്കുള്ളിലാവുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഷുക്കൂർ കേസിലെ സിബിഐ കുറ്റപത്രം സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഇനിയെങ്കിലും സിപിഎം പുനർവിചിന്തനത്തിന് തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
തലശ്ശേരി കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ടി വി രാജേഷിനെതിരെ ഗൂഡാലോചനക്കും കേസെടുത്തു. ഗൂഢാലോചനയിൽ ഇരുവർക്കും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. 2016 ലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജയരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് സിപിഎമ്മിന് തലവേദനയാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam