ബില്ലടച്ചില്ലെങ്കില്‍ ഒറ്റയടിക്ക് വൈദ്യുതി വിച്ഛേദിക്കാന്‍ ഇനി കെ.എസ്.ഇ.ബിക്ക് കഴിയില്ല

By Web DeskFirst Published Nov 2, 2016, 7:58 AM IST
Highlights

നിലവില്‍ വൈദ്യുതി ബില്ലും വൈദ്യുതി വിച്ഛേദിക്കുന്നതിനുളള മുന്നറിയിപ്പും ഒരൊറ്റ അറിയിപ്പായാണ് കെ.എസ്.ഇ.ബി ഉപഭോകതാവിന് നല്‍കുന്നത്. ബില്ല് കിട്ടി 10 ദിവസത്തിനകം പിഴ കൂടാതെ തുക അടയ്‌ക്കാം. 25 ദിവസത്തിനകം പിഴയോടു കൂടി പണം അടച്ചില്ലെങ്കില്‍ പിറ്റേ ദിവസം വൈദ്യുതി വിച്ഛേദിക്കുകയാണ് പതിവ്. ഇനി ഇത് നടപ്പില്ലെന്ന് സംസ്ഥാന ഉപഭോക്ത്യ പ്രശ്ന പരിഹാര ഫോറം ഉത്തരവിട്ടു. കെ.എസ്.ഇ.ബി ആക്ട് (2003) പ്രകാരം വൈദ്യുതി ബില്ലും വിച്ഛേദിക്കുന്നതിനുള്ള നോട്ടീസും വെവ്വേറെ നല്‍കണം. കെ.എസ്.ഇ.ബിയുടെ സൗകര്യം കണക്കിലെടുത്ത് വൈദ്യതി ബില്ലും വിച്ഛേദിക്കുന്ന മുന്നറിപ്പും ഒരൊറ്റ നോട്ടീസായി നല്‍കുന്നത് പര്യാപ്തമല്ലെന്നും ഫോറം ചൂണ്ടിക്കാട്ടി. എന്നാല്‍ രണ്ടു നോട്ടീസ് വെവ്വേറെ നല്‍കുന്നതിന് കൂടുതല്‍ ജീവനക്കാരുടെ ആവശ്യമുണ്ടെന്നും ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും കെ.എസ്.ഇ.ബി വാദിച്ചു. എന്നാല്‍ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുന്നത് ജനങ്ങളുടെ നന്മയ്‌ക്കാണെന്നും കെ.എസ്.ഇ.ബി ആക്ട് നടപ്പാക്കാനുളള ബാധ്യത ബോര്‍ഡിനുണ്ടെന്നും ഫോറം വ്യക്തമാക്കി. അങ്കമാലി സ്വദേശിയായ ജോസഫ് നല്‍കിയ പരാതിയിലാണ് ഫോറത്തിന്റെ ഇടപെടല്‍

ഉപഭോക്തൃ പ്രശ്ന പരിഹാര ഫോറത്തിന്റെ ഉത്തരവ് പ്രകാരം ജനുവരി മുതല്‍ വൈദ്യുതി വിച്ഛേദിക്കുന്നതിന് 15 ദിവസം മുമ്പ്  കെ.എസ്.ഇ.ബി, ഗാര്‍ഹിക-ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് നോട്ടീസ് നല്‍കണം. എന്നാല്‍ ഇത് മൂലം ബില്‍ തുകയില്‍ വര്‍ദ്ധനയുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

click me!