
കൊച്ചി: ഹൈപ്പർ മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും പരസ്യം പതിക്കാത്ത കാരി ബാഗുകൾ ഉപഭോക്തൃകോടതി നിർബന്ധമാക്കി .പരസ്യം പതിച്ച ബാഗുകൾക്ക് പണം ഇടാക്കുന്നത് അനീതിയെന്ന് നീരിക്ഷിച്ചാണ് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ നടപടി. വ്യാപാരസ്ഥാപനങ്ങളിലെ ബില്ലുകൾ ഗുണമേൻമയുള്ള പേപ്പറിൽ അച്ചടിക്കണമെന്നും കോടതി ഉത്തരവിട്ടു.
സാധനങ്ങൾ വാങ്ങിയിറങ്ങുമ്പോള്‍ കാരിബാഗുകൾ ഷോപ്പിംഗ് മാളുകളില്‍ നിന്നുതന്നെ നൽകുകയാണ് പതിവ്. മാളിനുള്ളിലേക്ക് മറ്റ് ബാഗുകളൊന്നും കയറ്റാൻ അനുവാദം ഇല്ലാത്തതിനാൽ ഉപഭോക്താവ് ഈ കവറുകൾ തന്നെ വിലയ്ക്ക് വാങ്ങാൻ നിർബന്ധിതരാകും. പരസ്യം പതിച്ച കാരിബാഗുകൾക്ക് ഓരോ വ്യാപാരസ്ഥാപനങ്ങളും ഈടാക്കുന്നതാകട്ടെ വ്യത്യസ്ഥ തുകയും. എന്നാൽ ഉപഭോക്താവിന്‍റെ ചെലവിൽ പരസ്യം വിൽക്കാനുള്ള ഈ ശ്രമം ഇനി വേണ്ടെന്നാണ് കോടതിയുടെ തീരുമാനം. പരസ്യം പതിച്ച ബാഗുകൾക്ക് ഉപഭോക്താവിൽ നിന്ന് തുക ഈടാക്കുന്നത് അനീതിയും നിർബന്ധിത നടപടിയെന്നും നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. വിവരാവകാശ പ്രവർത്തകൻ ഡിബി ബിനു നൽകിയ കേസിലാണ് നടപടി.
എന്നാൽ പരസ്യം പതിച്ച ബാഗുകൾ തന്നെ ഉപഭോക്താവ് പ്രത്യേകം ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകാമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇതോടൊപ്പം തന്നെ ബില്ലുകളുടെ നിലവാരം കൂട്ടണമെന്നും കോടതി ഉത്തരവിട്ടു. വേഗത്തിൽ മായും വിധം നിലവാരം കുറഞ്ഞ മഷിയും പേപ്പറും ഉപയോഗിക്കുന്ന ബില്ലുകള്‍ പാടില്ല. വ്യാപാരസ്ഥാപനത്തിനെതിരെ പരാതി നൽകുന്നതിൽ നിന്ന് ഇത് ഉപഭോക്താവിനെ തടയും എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam