പാമോലിന്‍ കേസില്‍ വിചാരണ തുടരാമെന്ന് സുപ്രീംകോടതി

By Web DeskFirst Published May 11, 2016, 7:45 AM IST
Highlights

ദില്ലി: പാമോലിന്‍ കേസില്‍ വിചാരണ തുടരാമെന്ന് സുപ്രീംകോടതി. കേസില്‍ ഇപ്പോള്‍ ആരയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പാമോലിന്‍ കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പിവിസി പി ജെ തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുന്‍ മന്ത്രി ടി എച്ച് മുസ്തഫ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി നിലപാടറിയിച്ചത്.

നേരത്തെ പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാരെടുത്ത തീരുമാനം വിജിലന്‍സ് കോടതി തള്ളുകയും പിന്നീടത് കേരള ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.ഇന്ന് കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ ഈ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി പ്രതികളെ രക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് ഈ കേസിന്റെ യഥാര്‍ഥ സ്ഥിതി എന്താണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനോട് ചോദിച്ചു.

ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചശേഷം അങ്ങനെയൊരു റിവിഷന്‍ പെറ്റീഷന്‍ ഹൈക്കോടതിയുടെ പരിഗണനയില്ലല്ലോ എന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണോ എന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. ആരാണ് സര്‍ക്കാര്‍ അഭിഭാഷകന് ഇത്തരം വിവരം നല്‍കുന്നതെന്നും കോടതി ചോദിച്ചു.

ഇതിനുശേഷമായിരുന്നു ഈ ഘട്ടത്തില്‍ കേസില്‍ നിന്ന് ആരെയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അതിനാല്‍ ശക്തമായ നിയമനടപടികള്‍ ഉണ്ടാവേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനുശേഷമാണ് കേസിലെ വിചാരണ തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

 

click me!