
ആലപ്പുഴ: ആലപ്പുഴയില്‍ സര്‍ക്കാര്‍ ജീവനക്കാരനെ കരാറുകാരന്‍ കൈയ്യേറ്റം ചെയ്തെന്ന് പരാതി. ഹരിപ്പാട് മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ ചേപ്പാട്, ചിങ്ങോലി ഗ്രാമപഞ്ചായത്തുകളിലെ വര്‍ക്കുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനായ അസിസ്റ്റന്‍ഡ് എഞ്ചിനീയര്‍ തിരുവനന്തപുരം സ്വദേശി അഷ്‌റഫ് ഖാനെയാണ് ചൂളതെരുവ് ഗോപാലകൃഷ്ണൻ എന്ന കരാറുകാരന്‍ കൈയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ കനകക്കുന്ന് പൊലീസിലും കരീലക്കുളങ്ങര പോലീസിലും അഷ്റഫ് ഖാൻ പരാതി നൽകി.
അഷ്‌റഫ് ഖാന്‍ ഹരിപ്പാട് താലുക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം മുന്നരയോടെയാണ് സംഭവത്തിന് തുടക്കം. കരാറുകാരനായ ഗോപാലകൃഷ്ണന്‍ പറയുന്ന ആളിന് വര്‍ക്ക്‌കൊടുക്കണമെന്നും അല്ലാത്തപക്ഷം വിജിലന്‍സിന്‍ പരാതി കൊടുത്ത് വര്‍ക്ക് തടയുമെന്ന് പറഞ്ഞ് മുതുകുളം ബ്ലോക് പഞ്ചായത്തില്‍ വച്ച് ഇരുവരും തമ്മില്‍ കശപിശയുണ്ടായി. മറ്റ് ജീവനക്കാരോട് തട്ടി കയറിയ ശേഷം അസിസ്റ്റന്‍ഡ് എഞ്ചിനീയറോട് മോശമായ ഭാഷയില്‍ സംസാരിക്കുകയും അദ്ദേഹത്തെ ഭിത്തിയിലേക്ക് പിടിച്ചു തള്ളുകയും ചെയ്തു.
സംഭവത്തിന്‌ശേഷം അസി. എഞ്ചിനീയര്‍ തന്റെ കാറില്‍ പുറത്തേക്ക് പോയി .ഇദ്ദേഹത്തെ മറ്റൊരു കാറില്‍ പിന്‍തുടര്‍ന്ന കരാറുകാരന്‍ ചുളത്തെരുവില്‍ വെച്ച് സിനിമ സൈറ്റൈലില്‍ കാറ് കുറുകെയിട്ട് ഭീഷണി മുഴക്കി. പിന്നീട് ചിങ്ങോലി പഞ്ചായത്തിന് സമീപത്ത് വെച്ചും ഇതാവര്‍ത്തിച്ചു. ചിങ്ങോലി പഞ്ചായത്തില്‍ ഓടിക്കയറിയ എഞ്ചിനീയര്‍ പഞ്ചായത്ത് പ്രസിഡന്റ് നിയാസിന് പരാതി നല്‍കി. ഇതിനിടെ കുഴഞ്ഞ് വീണ എഞ്ചിനീയറെ പഞ്ചായത്ത് അംഗങ്ങള്‍ ഹരിപ്പാട്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam