ദലിത് യുവതികളെ കുഞ്ഞിനൊപ്പം ജയിലിലടച്ച  സംഭവത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശനം

By Web DeskFirst Published Jun 18, 2016, 2:08 PM IST
Highlights

കണ്ണൂര്‍: തലശ്ശേരിയില്‍ ദലിത് യുവതികളെ കുഞ്ഞിനൊപ്പം ജയിലിലടച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. പിണറായിയുടേത് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്ന് വിഎം സുധീരന്‍ കുറ്റപ്പെടുത്തി. കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ജിഷാ കേസില്‍ പ്രതിയെ പിടിച്ചതിന്റെ തിളക്കത്തിനിടെ തലശ്ശേരിയിലെ അറസ്റ്റ് സര്‍ക്കാറിനും പൊലീസിനും  വലിയ നാണക്കേടായി. തലശ്ശേരി രാഷ്ട്രീയ ആയുധമാക്കാന്‍ തന്നെയാണ് പ്രതിപക്ഷ തീരുമാനം.

യുവതികള്‍ക്കെതിരെ കേസെടുത്ത നടപടി ക്രൂരമായിപ്പോയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മനുഷ്യാവകാശ ലംഘനമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. തലശ്ശേരി ആവര്‍ത്തിച്ചാല്‍ മുഖ്യമന്ത്രിയെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ബിജെപി പ്രതികരിച്ചു. 

എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

അക്രമം നടന്നുവെന്നാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ വിശദീകരണം. സംഭവത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് സംശയിക്കുന്നതായി എഎന്‍ ഷംസീര്‍ എം.എല്‍.എ പറഞ്ഞു.  ശക്തമായ നടപടി വേണമെന്ന് സിപിഐ നേതാവ് ആനിരാജ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായ എന്‍ രാജന്റെ മക്കളായ കുട്ടിമാക്കൂല്‍ കുനിയില്‍ ഹൗസില്‍ അഖില (30), അഞ്ജന (25) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.  ഒന്നര വയസ്സുള്ള കൈക്കുഞ്ഞിനൊപ്പമാണ് അഖിലയെ ജയിലിലടച്ചത്. ജാതിപ്പേര് വിളിച്ച് നിരന്തരം അധിക്ഷേപിച്ചതിനെ തുടര്‍ന്ന് സഹികെട്ടിട്ടാണ് കുട്ടിമാക്കൂലിലെ പാര്‍ട്ടി ഓഫീസില്‍ കയറി ചോദ്യം ചെയ്തതെന്ന് പെണ്‍കുട്ടികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.  സംഭവത്തില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. 

click me!