നഗരസഭാ അഗതിമന്ദിരം അന്തേവാസികള്‍ക്ക് ജയിലോ ? 'സായാഹ്നം' സന്ദര്‍ശിച്ചയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Published : Dec 09, 2017, 01:05 PM ISTUpdated : Oct 04, 2018, 05:14 PM IST
നഗരസഭാ അഗതിമന്ദിരം അന്തേവാസികള്‍ക്ക് ജയിലോ ? 'സായാഹ്നം' സന്ദര്‍ശിച്ചയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Synopsis


തിരുവനന്തപുരം: നഗരസഭാ അഗതിമന്ദിരം അന്തേവാസികള്‍ക്ക് ജയിലോ ? വത്സല ടീച്ചറെ കാണാനെത്തിയ ടീച്ചറുടെ പൂര്‍വ്വ വിദ്യാര്‍ഥിക്കും കുടുംബത്തിനും അഗതി മന്ദിരം ജീവനക്കാരുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ടീച്ചറുടെ വിദ്യാര്‍ത്ഥിയെഴുതിയ ഫെസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. 

റോഡില്‍ അലഞ്ഞ് തിരിയുകയായിരുന്ന മാനസിക അസ്വാസ്ഥ്യമുള്ള ടീച്ചറെ കണ്ടെത്തി സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറംലോകത്തെ അറിയിക്കുകയും പുനരധിവസിക്കാന്‍ സഹായിക്കുകയും ചെയ്ത വിദ്യ എം.ആറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ദുബായില്‍ പൈലറ്റായ പാലക്കാട് സ്വദേശി അബ്‌റാര്‍ അഹമ്മദ്, അദേഹത്തിന്റെ ഉമ്മ, സഹോദരന്‍ എന്നിവര്‍ വത്സല ടീച്ചറെ കാണാനാണ് ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയത്. 

വത്സല ടീച്ചര്‍ക്ക് പുറമേ അഗതി മന്ദിരത്തിലെ 13 സ്ത്രീകള്‍ക്കും 9 പുരുഷന്മാര്‍ക്കും വേണ്ട വസ്ത്രങ്ങളും ആഹാരസാധനങ്ങളുമായി എത്തിയ അബ്‌റാറിനെയും കുടുംബത്തെയും അഗതി മന്ദിരത്തിന് ഉള്ളില്‍ പോലും ജീവനക്കാര്‍ പ്രവേശിപ്പിച്ചില്ലെന്ന് പറയുന്നു. വത്സല ടീച്ചറെ മാത്രം പുറത്തിറക്കിയ ശേഷം മറ്റുള്ള അന്തേവാസികളെയെല്ലാം അകത്തേക്ക് പറഞ്ഞയച്ചു. ടീച്ചറുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് അബ്‌റാര്‍ ആഗ്രഹിച്ചെങ്കിലും ടീച്ചറുടെ ഫോട്ടോ എടുക്കാന്‍ സമ്മതിക്കരുതെന്ന് അഗതി മന്ദിരത്തിലെ ജീവനകാര്‍ക്ക് കോര്‍പ്പറേഷനില്‍ നിന്ന് നിര്‍ദ്ദേശം കൊടുത്തെന്ന് പറഞ്ഞു നിഷേധിച്ചു. എന്നാല്‍ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ അറിയിച്ചതായും വിദ്യ എഴുതുന്നു. വിദ്യയോടൊപ്പം ആണ് അബ്‌റാര്‍ അഹമ്മദും കുടുംബവും അഗതി മന്ദിരത്തില്‍ എത്തിയത്.  

എന്നാല്‍, സംഭവം വൃദ്ധ സദനം മാനേജര്‍ ജയകുമാരി നിഷേധിച്ചു. കല്ലടിമുഖത്തെ കെട്ടിടം അഗതി മന്ദിരം അല്ലെന്നും വൃദ്ധ സദനം ആണെന്നും നഗരസഭയുടെ അനുമതി വാങ്ങി വന്നാല്‍ മാത്രമേ ഫോട്ടോ എടുക്കാന്‍ കഴിയൂവെന്നും മാത്രമാണ് പറഞ്ഞതെന്നും മറിച്ചുള്ളത് വെറും ആരോപണങ്ങള്‍ മാത്രമാണെന്നും അവര്‍ പ്രതികരിച്ചു. 

സംഭവം അറിഞ്ഞ ഉടനെ തന്നെ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായി ചര്‍ച്ച ചെയ്തുയെന്നും മേയറുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കൗണ്‍സിലര്‍ ഐ.പി.ബിനു പറഞ്ഞു. മന്ദിരത്തില്‍ ആഹാര സാധനങ്ങള്‍ വിതരണം ചെയ്യും മുമ്പ് നഗരസഭ സെക്രട്ടറിയെ അറിയിക്കണം എന്നാണ് നിയമം. എന്നാല്‍ വന്നവര്‍ക്ക് അതിനുള്ള വഴി പോലും പറഞ്ഞു കൊടുക്കാതെ അധികൃതര്‍ കടുംപിടിത്തം കാണിച്ചത് ശരിയായില്ലെന്നും ഐ.പി ബിനു പറഞ്ഞു.


വിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ 


ദുബായില്‍ പൈലറ്റായ അബ്‌റാര്‍ വല്‍സല ടീച്ചറിന്റെ വിഷയം ഉമ്മയില്‍ നിന്നുമറിഞ്ഞത് സ്വീഡനിലേക്ക് വിമാനം പറത്താനൊരുങ്ങുമ്പോഴാണ്. അന്നവനെന്നോട് സംസാരിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്. 
ഉടനേ താനെത്തുമെന്ന് പറഞ്ഞപ്പോള്‍ നിലവിലെ അവസ്ഥ സൂചിപ്പിച്ച് നിരുത്സാഹപ്പെടുത്താനാണ് പരമാവധി ശ്രമിച്ചത്. പക്ഷേ അവന് വന്നേ തീരൂ. ടീച്ചറെക്കുറിച്ച് ഒരുപാടുണ്ടായിരുന്നു അവന് പറയാന്‍. മറ്റൊരു ടീച്ചറായ അവന്റെ ഉമ്മയ്ക്കും. അത്രയേറെ പ്രിയങ്കരിയായിരുന്നു വല്‍സല ടീച്ചര്‍ പാരന്റ്‌സിനു പോലും. 'ടീച്ചര്‍ക്ക് മാത്രമായി ഒന്നും കൊണ്ടുവരരുത്. 

13 സ്ത്രീകളും 9 പുരുഷന്മാരുമുണ്ട്. അവരെ വേദനിപ്പിക്കരുത്.'ആ അപേക്ഷ സ്വീകരിച്ച് പാലക്കാടു നിന്നും ഉമ്മയെയും സഹോദരനെയും ഇവിടെ വരുത്തി ആദ്യം കിട്ടിയ അവധിയില്‍ അബ്‌റാര്‍ ഇന്ന് തിരുവനന്തപുരത്തെത്തി. എല്ലാപേര്‍ക്കും ഡ്രസും ഭക്ഷണ സാധനങ്ങളുമായി മുന്‍കൂട്ടി അറിയിച്ച് ഞങ്ങളവിടെത്തുമ്പോള്‍ തീര്‍ത്തും നിസ്സഹരണവും കടുത്ത അപമാനവുമാണ് ഓള്‍ഡ് ഏജ് ഹോം ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായത്.

വേറെയില്ലാന്നു തോന്നിക്കും വിധം അവിടെത്തിയ ശേഷം കാണാന്‍ ചെന്നപ്പോള്‍ എല്ലായ്‌പോഴും കണ്ട അതേ പച്ച സാരിയും ബ്ലൗസും വളരെ സന്തോഷവതിയായി ചിരിച്ച് സംസാരിക്കുന്ന വല്‍സല ടീച്ചര്‍. അബ്‌റാന്റ സഹായത്തോടെ അവര്‍ പലതും ഓര്‍ത്തെടുത്തു. ചില കുട്ടികളുടെ പേരെടുത്തു പറഞ്ഞു.
ടീച്ചറുടെ ഒപ്പം നിന്നൊരു ഫോട്ടോയും വീഡിയോയും ഒക്കെ ഇത്ര അകലെ നിന്നും വന്നവര്‍ ആഗ്രഹിച്ചു പോയത് തെറ്റാണോ?

'നിങ്ങടെ ഭൗതിക സാഹചര്യങ്ങളോ മറ്റ് അന്തേവാസികളെയോ ഞങ്ങള്‍ക്ക് പകര്‍ത്തണ്ട. പക്ഷേ വത്സല ടീച്ചറെ കാണാനാഗ്രഹിക്കുന്ന ഒരു പാടു പേരുണ്ട്. അവര്‍ക്കു വേണ്ടിയെങ്കിലും 'എന്റെ അപേക്ഷയ്ക്ക് യാതൊരു വിലയും കല്പിക്കാതെ അത് തീര്‍ത്തും തൃണവല്‍ഗണിച്ച് ടീച്ചര്‍ക്കൊപ്പം അവര്‍ നിന്നു. ഇടക്കിടെ മാനേജരായ സ്ത്രീയെ ടീച്ചര്‍ വല്ലാതെ പുകഴ്ത്തുന്നതും ഞങ്ങള്‍ ശ്രദ്ധിച്ചു. ടീച്ചറുടെ ഫോട്ടോ എടുക്കാന്‍ സമ്മതിക്കരുതെന്ന് അവര്‍ക്ക് കോര്‍പ്പറേഷനില്‍ നിന്ന് ആരോ നിര്‍ദ്ദേശം കൊടുത്തത്രേ. ആരെന്നു മാത്രം പറയുന്നില്ല. പിന്നീടുള്ള അന്വേഷണത്തില്‍ അങ്ങനൊരു സംഭവമേ ഇല്ലെന്നറിയാന്‍ കഴിഞ്ഞു.

ഞങ്ങളെ അകത്ത് പോലും കയറാന നുവദിക്കാതെ ടീച്ചറെ മാത്രം പുറത്ത് വരുത്തി മറ്റുള്ള അന്തേവാസികളെയെല്ലാം ഉള്ളിലേക്ക് പറഞ്ഞയച്ചു. ഹാളിനുള്ളില്‍ നിന്നും മറ്റൊരമ്മയുടെ
'മോളേ ' ന്നുള്ള വിളിയും കൈകാട്ടിയുള്ള ക്ഷണവും വളരെ വിഷമത്തോടെ കണ്ടുനില്‍ക്കേണ്ട ഗതികേടും ഇന്നുണ്ടായി. പുറത്തേക്ക് വരാന്‍ അവര്‍ക്കോ പടിക്കപ്പുറത്തേക്ക് കടക്കാന്‍ എനിക്കോ അനുവാദമില്ല.

 

 

ഇതെന്താ ജയിലോ?

പബ്ലിസിറ്റിക്കു വേണ്ടി ടീച്ചറുടെ ഫോട്ടോയെടുത്തു പോസ്റ്റു ചെയ്യേണ്ട ആവശ്യം എനിക്കില്ല. കാരണം ഞങ്ങള്‍ രണ്ടാളും അറിയാതെ തന്നെ ടീച്ചറുമൊത്തുള്ള ആദ്യ പോസ്റ്റിന് വേണ്ടതിലധികം പബ്ലിസിറ്റി എനിക്ക് കിട്ടിക്കഴിഞ്ഞു. ഇന്നുമെത്തുന്ന അന്വേഷണങ്ങള്‍ക്ക് മറുപടിയായി അവര്‍ സുഖമായി സന്തോഷമായിരിക്കുന്നു എന്ന അറിയിപ്പ് മാത്രമാണ് ഇത്തരം വിഷയങ്ങളില്‍ തുടര്‍ പോസ്റ്റുകളിലൂടെ, ഫോട്ടോകളിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്. അവര്‍ സന്തോഷത്തോടെ കൊണ്ടുവന്ന സാധനങ്ങള്‍ ഒന്നു തുറന്നു നോക്കുകയോ മറ്റ് അമ്മമാരെ ഒന്ന് കാണാനോ സമ്മതിക്കാത്ത വേദനയോടെ തിരിച്ചിറങ്ങവേ ആ കുടുംബം എന്നോട് ചോദിച്ചു.

'13 നൈറ്റി, നോര്‍ത്ത്, 9 ഷര്‍ട്ട്, ലുങ്കി, കിറ്റ് കാറ്റ്, ചിപ്‌സ് തുടങ്ങി കുറച്ചുണ്ട് പായ്ക്കറ്റുകളില്‍. അവരെ ഒന്നു കാണാന്‍ പോലും അനുവദിക്കാത്ത സ്ഥിതിക്ക് ഈ സാധനങ്ങള്‍ എല്ലാം ഇവര്‍ക്കു കിട്ടുമെന്ന് വിദ്യയ്ക്കുറപ്പുണ്ടോ? 'ഈ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മുന്നോ നാലോ പ്രാവശ്യം പോയിട്ടും മുഖത്തടിയേറ്റ പോലെ ഇതുവരെയില്ലാത്ത അനുഭവം നേരിട്ട ഞാന്‍ ഇവരോട് എന്തു മറുപടി പറയണം?
കൊടുത്തും വാങ്ങിയും പരിചയം പുതുക്കിയും ടീച്ചറെ ഓര്‍മ്മകളിലേക്ക് മടക്കിയും സന്തോഷം പങ്കിടുന്ന ഒരു മുഹൂര്‍ത്തം മുന്നില്‍ കണ്ട് ഇത്രയും ദൂരം താണ്ടി ഇവിടെത്തിയ ഇവര്‍ക്കും, ആരാലുമൊന്നും പ്രതീക്ഷക്കാത്ത അവിടത്തെ അന്തേവാസികള്‍ക്കും ഒരു സ്ത്രീയുടെ നിരുത്തരവാദപരമായ ഈ പെരുമാറ്റം കാരണം എത്രമാത്രം നഷ്ടമാണുണ്ടാക്കിയതെന്ന് ഊഹിക്കാന്‍ കഴിയുമോ?

വിഷയം മേയറുടെ ശ്രദ്ധയില്‍ പെടുത്തുകയും സ: ഐ. പി. ബിനുവിനെ നേരില്‍ കണ്ട് സംഭവം ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ സഖാവ് ഒപ്പം വന്ന് അത് വിതരണം ചെയ്യാന്‍ തയ്യാറാണെന്നും അറിയിച്ചു. വൈകിട്ടത്തെ ഫ്‌ലൈറ്റില്‍ ദുബായിലേക്ക് അബ് റാറും ട്രെയിനില്‍ നന്മയുടെ പ്രതീകമായി മക്കളെ വളര്‍ത്തിയ ആ ഉമ്മയും ഇളയ പാലക്കാട്ടേക്കും മടങ്ങുന്നു. കൊണ്ടുവന്നതെല്ലാം തന്നെ അവര്‍ക്കു തന്നെ ലഭിക്കുന്നുവെന്നുറപ്പു വരുത്തുമെന്ന് IP ഉറപ്പു നല്‍കിയിട്ടുണ്ട്. 'ടീച്ചറെ കണ്ടല്ലോ. ഒന്നു മിണ്ടിയല്ലോ. അത്രയെങ്കിലും സന്മനസ് അവര്‍ കാട്ടിയല്ലോ.'
ആ ഉമ്മയും മക്കളും സ്വയം സമാധാനിക്കുന്നു.

ഇവരോട് എന്തു മറുപടി പറയാന്‍ !!

ടീച്ചര്‍ക്കു വേണ്ടി ഇനിയെന്തു ചെയ്യണം എന്ന ടീച്ചറുടെ ചോദ്യത്തിന് അന്നു ഞാനാവശ്യപ്പെട്ടത് ഏതു നിമിഷവും അമ്മമാരെ ആശുപത്രിയിലെത്തിക്കാനൊരു വാഹനമാണ്. അവര്‍ അതിന്റെ ഫണ്ടുപിരിവും തുടങ്ങിക്കഴിഞ്ഞു. ഇത്തരം ജീവനക്കാരുള്ള സ്ഥാപനത്തിലേക്ക് ഇങ്ങനൊരു സത്പ്രവൃത്തി വേണമോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് കാഴ്ചപരിമിതിയുള്ള യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്, അപലപിച്ച് കോൺ​ഗ്രസ്
കൊച്ചി മേയർ തർക്കത്തിനിടെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്; 'പാർട്ടി അന്തിമ തീരുമാനം എടുക്കും, വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് സ്ഥാനമില്ല'