കരിപ്പൂര്‍ വിമാനത്താവളം; റണ്‍വേയുടെ സുരക്ഷാ മേഖല വര്‍ദ്ധിപ്പിക്കുന്നു

By Web DeskFirst Published Dec 9, 2017, 12:30 PM IST
Highlights

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ സുരക്ഷാ മേഖല വര്‍ദ്ധിപ്പിക്കുന്നു. മംഗലാപുരം വിമാന ദുരന്തം അന്വേഷിച്ച ഭൂഷണ്‍ നീല്‍കാന്ത് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏതാനും വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തും.

രാജ്യാന്തര മാനദണ്ഡമനുസരിച്ച് വിമാനത്താവളങ്ങളിലെ റണ്‍വേയില്‍ 240 മീറ്റര്‍ സുരക്ഷാ മേഖല വേണം. എന്നാല്‍ കരിപ്പൂരിലെ റണ്‍വേയുടെ സുരക്ഷാമേഖലയാകട്ടെ 90 മീറ്റര്‍ മാത്രമാണ്. ഏതെങ്കിലും സാഹചര്യത്തില്‍ വിമാനം റണ്‍വേവിട്ട് പുറത്തേക്ക് ഓടേണ്ടി വന്നാല്‍ അപകടം ഒഴിവാക്കുകയാണ് സേഫ്റ്റി ഏരിയയുടെ ലക്ഷ്യം. ഈ മേഖലയുടെ നീളക്കുറവായിരുന്നു മംഗലാപുരത്ത് ദുരന്തത്തിലേക്ക് നയിച്ചത്. സമാനമായ ടേബിള്‍ ടോപ് ഘടനയുളള കരിപ്പൂരില്‍ റണ്‍വേയുടെ സുരക്ഷാമേഖല 240 ആക്കി ഉയര്‍ത്തണമെന്നായിരുന്നു മംഗലാപുരം ദുരന്തം അന്വേഷിച്ച ഭൂഷണ്‍ നീല്‍കാന്ത് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ഇതിനായുളള നിര്‍മാണ അനുമതിയാണ് ഡിജിസിഎ നല്‍കിയത്.

കരിപ്പൂരില്‍ സ്ഥലപരിമിതി ഉളളതിനാല്‍ റണ്‍വേയിലെ 150 മീറ്റര്‍ സുരക്ഷാ മേഖലയാക്കി മാറ്റും. ഇതോടെ റണ്‍വേയുടെ നീളം 2700 മീറ്ററായി കുറയും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ജനുവരി 15ന് ആരംഭിക്കും. അപ്രോച്ച് ലൈറ്റ്, റണ്‍വേ എന്‍ഡ് ലൈറ്റ് തുടങ്ങിയവ മാറ്റി സ്ഥാപിക്കും. പുതിയ റണ്‍വേ സര്‍ക്യൂട്ടുകളും നിര്‍മിക്കും. നിര്‍മാണം പൂര്‍ത്തിയാകുന്ന ജൂണ്‍ 30 വരെ ഏതാനും വിമാന സര്‍വ്വീസുകളുടെ സമയത്തില്‍ മാറ്റം വരും. ഷാര്‍ജയിലേക്കും മസ്‌കറ്റിലേക്കുമുളള രണ്ട് വിദേശ സര്‍വീസുകളുടെയും മുംബൈയിലേക്കും ബാംഗ്‌ളൂരിലേക്കുമുളള ആഭ്യന്തര സര്‍വീസുകളുടെയും സമയക്രമത്തിലാണ് മാറ്റം വരികയെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
 

click me!